ഇങ്ങിനൊരു ഉറപ്പു നൽകാൻ ഇന്റർ മിയാമിക്കേ കഴിയൂ, മെസിയുടെ വലിയ ആഗ്രഹം സാധിച്ചു നൽകുമെന്ന് അമേരിക്കൻ ക്ലബിന്റെ ഉടമ | Messi

പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസി അവിടം വിടാൻ തീരുമാനമെടുത്തപ്പോൾ ആഗ്രഹിച്ചത് തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനാണ്. ഒട്ടും ആഗ്രഹിച്ചല്ല ലയണൽ മെസി വർഷങ്ങൾക്ക് മുൻപ് ബാഴ്‌സലോണ വിട്ടത്. സാമ്പത്തികപ്രതിസന്ധി അടക്കമുള്ള അന്നത്തെ സാഹചര്യങ്ങൾ കാരണം അങ്ങിനെ സംഭവിച്ചതാണ്. മെസി തിരിച്ചുവരവ് ആഗ്രഹിച്ചപ്പോഴും അതേ സാമ്പത്തിക പ്രതിസന്ധി തടസമായി നിന്നതിനാൽ താരം യൂറോപ്പ് വിട്ട് നേരെ അമേരിക്കൻ ലീഗിലേക്ക് എത്തുകയായിരുന്നു.

ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെങ്കിലും ആഗ്രഹിച്ചതു പോലെയൊരു വിടവാങ്ങലും ആരാധകരോട് യാത്ര പറയാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നില്ല. ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ അതിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലയണൽ മെസിയെ സ്വന്തമാക്കിയതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്റർ മിയാമി ഉടമയായ ജോർജ് മാസ് മെസിക്ക് ബാഴ്‌സലോണയിൽ നിന്നും യാത്രയയപ്പ് ലഭിക്കാൻ വേണ്ടത് ചെയ്യുമെന്ന് വ്യക്തമാക്കുകയുണ്ടായി.

“മെസി ബാഴ്‌സലോണ വിട്ടത് ആഗ്രഹമുണ്ടായിട്ടല്ല, തന്നെ വളരെ ചെറുപ്പത്തിൽ തന്നെ സ്വീകരിച്ച ക്ലബിനോട് ഗുഡ് ബൈ പറയാൻ പോലും താരത്തിന് കഴിഞ്ഞില്ല. താരം ആഗ്രഹിച്ച സാഹചര്യങ്ങളല്ല അവിടെ സംഭവിച്ചത്. ബാഴ്‌സലോണയിലെ ആരാധകരോട് ഗുഡ് ബൈ പറയാൻ അവസരമുണ്ടാക്കാൻ എന്നെക്കൊണ്ട് സാധ്യമായതെല്ലാം വരും വർഷങ്ങളിൽ ചെയ്യുമെന്ന് ഞാൻ ഉറപ്പു നൽകിയിട്ടുണ്ട്. ഇന്റർ മിയാമി അവിടേക്ക് പോവുകയോ അതല്ലെങ്കിൽ എന്തെങ്കിലും മത്സരം സംഘടിപ്പിക്കുകയോ ചെയ്യും.” മാസ് പറഞ്ഞു.

ലയണൽ മെസിയെ സ്വന്തമാക്കിയത് വളരെ ബുദ്ധിമുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌ജി കരാർ പുതുക്കാനും താരം ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകാനും സൗദി അറേബ്യ മെസിയെ സ്വന്തമാക്കാനും ശ്രമം നടത്തുന്നതിനിടെയാണ് തങ്ങളും നീക്കങ്ങൾ നടത്തിയതെന്നും ആറോളം സ്ഥലങ്ങളിൽ വെച്ച് കൂടിക്കാഴ്‌ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. താരത്തെ സ്വന്തമാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നാലര വർഷത്തോളമായി ലയണൽ മെസിയെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെസിയുടെ പിതാവുമായി നിരവധി കൂടിക്കാഴ്ച്ചകൾ നടത്തിയതിനു ഇപ്പോഴാണ് ഫലം കിട്ടിയതെന്നാണ് മാസ് പറയുന്നത്. ഇന്റർ മിയാമിയിൽ എത്തിയ മെസി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന താരം അടുത്ത മത്സരത്തിലും കളിക്കാനിറങ്ങില്ലെന്നാണ് സൂചനകൾ.

Jorge Mas Helps To Get Messi Barcelona Farewell