ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ലിവർപൂളിനെതിരെ ഗോൾ, തന്റെ സ്വപ്നം സാക്ഷാത്കരിച്ച് അർജന്റീന താരം
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കണ്ട, യൂറോപ്പിൽ അപ്രമാദിത്വം പുലർത്തിയിരുന്ന ലിവർപൂളല്ല ഈ സീസണിൽ കളിക്കുന്നതെന്ന് ഇന്നലെ നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ വഴങ്ങിയ തോൽവി വ്യക്തമാക്കുന്നു. നാപ്പോളിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾക്കെതിരെ ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കിയത്. ഇതോടെ ഈ സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ നിന്നും വെറും രണ്ടു ജയം മാത്രമാണ് ലിവർപൂൾ നേടിയത്.
പയറ്റർ സീലിൻസ്കി പെനാൽറ്റി സ്പോട്ടിൽ നിന്നും അഞ്ചാം മിനുട്ടിൽ തന്നെ നാപ്പോളിയെ മുന്നിലെത്തിച്ചതിനു ശേഷം പതിനെട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലീഡുയർത്താൻ അവർക്ക് അവസരമുണ്ടായിരുന്നു. എന്നാൽ വിക്റ്റർ ഒസിംഹൻ എടുത്ത ഷോട്ട് അലിസൺ തടുത്തിട്ടു. അതിനു ശേഷം ആദ്യപകുതിയിൽ തന്നെ ആന്ദ്രേ സാമ്പോ അങ്കുയിസ, ജിയോവാനി സിമിയോണി എന്നിവരും രണ്ടാം പകുതിയിൽ സീലിൻസ്കിയും ഗോൾ കണ്ടെത്തി. ലൂയിസ് ഡയസാണ് ലിവർപൂളിന്റെ ആദ്യത്തെ ഗോൾ കണ്ടെത്തിയത്.
👀 “When I was 13, I got a tattoo of the Champions League logo…
— talkSPORT (@talkSPORT) September 7, 2022
😚 “I said to my dad that the day I play in it & score my first goal, I’m going to kiss the tattoo.”
Giovanni Simeone fulfilled his dream against Liverpool tonight 👏 #NAPLIV pic.twitter.com/IR5erh9IZ6
മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം അർജന്റീനിയൻ താരവും അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയുടെ മകനുമായ ജിയോവാനി സിമിയോണി നടത്തിയ വൈകാരിക പ്രതികരണമാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ആദ്യ പകുതിയിൽ പരിക്കേറ്റു പുറത്തു പോയ വിക്റ്റർ ഒസിംഹന് പകരമാണ് സിമിയോണി കളത്തിലിറങ്ങുന്നത്. തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറങ്ങിയതിനെ മൂന്നാം മിനുട്ടിലാണ് അർജന്റീന താരം ഗോൾ നേടിയത്.
GOAL!
— beIN SPORTS (@beINSPORTS_EN) September 7, 2022
😲 @en_sscnapoli are running away with this!
Giovanni Simeone adds a third and Liverpool have it all to do now…#beINUCL #NAPLIV #UCL pic.twitter.com/MG8dBbuUCS
ഗോൾ നേടിയതിനു ശേഷം വൈകാരികവിക്ഷോഭങ്ങൾ അടക്കാൻ കഴിയാതെ ഗ്രൗണ്ടിൽ കിടന്ന താരം സഹതാരങ്ങൾ അഭിനന്ദിക്കാനെത്തുമ്പോൾ സ്വന്തം കയ്യിൽ ഉമ്മ വെക്കുന്നുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുകയെന്ന മോഹം കാരണം പതിമൂന്നാം വയസിൽ യുസിഎൽ ലോഗോ കയ്യിൽ പച്ച കുത്തിയിരുന്നതിലാണ് താരം ഉമ്മ വെച്ചത്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്നത് തന്റെ ഏറ്റവും വലിയ മോഹമാണെന്ന് താരം മുൻപു തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ ഹെല്ലാസ് വെറോണക്ക് വേണ്ടി കളിച്ചിരുന്ന ജിയോവാനി സിമിയോണി സീരി എയിൽ 17 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ സീസണിൽ നാപ്പോളിക്കു വേണ്ടി രണ്ടു സീരി എ മത്സരങ്ങൾ മത്സരങ്ങൾ മാത്രം കളിച്ച താരം ചാമ്പ്യൻസ് ലീഗിലെ തന്റെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ കുറിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിച്ചത്.