ഇവാനാശാന്റെ നാട്ടിൽ നിന്നും കേരളത്തിലേക്ക് പുതിയൊരു താരം, ക്ലബിന്റെ ലക്‌ഷ്യം ഐഎസ്എല്ലിലേക്കുള്ള പ്രവേശനം

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെ കേരളത്തിലേക്ക് പുതിയൊരു വിദേശതാരമെത്തി. കേരളത്തിലെ പ്രധാന ക്ലബുകളിൽ ഒന്നായ ഗോകുലം കേരളയാണ് ട്രാൻസ്‌ഫർ ജാലകത്തിന്റെ ആദ്യത്തെ ദിവസം തന്നെ പുതിയൊരു താരത്തെ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ രാജ്യമായ സെർബിയയിൽ നിന്നാണ് പുതിയ താരമെത്തുന്നത്.

സെർബിയൻ മധ്യനിര താരമായ നിക്കോളോ സ്റ്റോയ്‌നോവിച്ചിനെയാണ് ഗോകുലം കേരള തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുപത്തിയെട്ടുകാരനായ താരം നിലവിൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിന്റെ നായകനായിരുന്നു. 2021ൽ മൊഹമ്മദന്സിനെ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗോകുലം കേരളയിൽ കളിച്ചിരുന്ന സ്‌പാനിഷ്‌ മധ്യനിര താരമായ നിലി പെർഡോമോ ക്ലബ് വിട്ട ഒഴിവിലേക്കാണ് സെർബിയൻ താരത്തെ എത്തിച്ചിരിക്കുന്നത്. സീസണിന്റെ പകുതി വരെ കളിച്ച നിലി സ്വകാര്യ പ്രശ്‌നങ്ങൾ കാരണമാണ് ക്ലബ് വിട്ടത്. ഗോകുലത്തിനായി പതിനൊന്നു മത്സരങ്ങളിൽ ഈ സീസണിൽ ഇറങ്ങിയ താരം മൂന്ന് ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.

മൊഹമ്മദൻസിനൊപ്പം മികച്ച പ്രകടനം നടത്തിയ താരമാണ് സ്റ്റോയ്‌നോവിച്ച്. ഇരുപത്തിയഞ്ചു ഐ ലീഗ് മത്സരങ്ങളിൽ ഇറങ്ങിയ താരം അഞ്ചു ഗോളുകൾ നേടുകയും പത്ത് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലിയുടെ അഭാവം പരിഹരിച്ച് ഐ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി ഐഎസ്എല്ലിലേക്ക് മുന്നേറുകയെന്ന ഗോകുലത്തിന്റെ പദ്ധതിക്ക് താരം അനുയോജ്യമാണ്.

ഇന്ത്യയിൽ കളിച്ച പരിചയസമ്പത്ത് മുതലെടുത്ത് ഗോകുലം കേരളയെ നയിക്കാനെത്തുന്ന താരം അടുത്ത ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം പരിശീലനത്തിനായി ചേരും. ജനുവരി പതിനൊന്നു മുതൽ ഇരുപത്തിയൊന്ന് വരെ നടക്കുന്ന സൂപ്പർ കപ്പിലായിരിക്കും താരത്തിന്റെ ഗോകുലം കേരള അരങ്ങേറ്റം. നിലവിൽ ഐ ലീഗിൽ ആറാം സ്ഥാനത്താണ് ഗോകുലം കേരള നിൽക്കുന്നത്.

Gokulam Kerala Signed Nikola Stojanovic