ഹുവാൻ ഫെറാൻഡോ മോഹൻ ബഗാൻ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുന്നു, മുൻ പരിശീലകൻ തിരിച്ചു വരും | Juan Ferrando

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചിരിക്കെ മോഹൻ ബഗാന്റെ അപ്രതീക്ഷിതമായ നീക്കം. നിലവിൽ പരിശീലകനായ ഹുവാൻ ഫെറാൻഡോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മുതൽ ഫെറാൻഡോയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നെങ്കിലും അതിൽ ഏറെക്കുറെ തീരുമാനമായെന്ന് ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സ്‌പാനിഷ്‌ പരിശീലകനായ ഹുവാൻ ഫെറാണ്ടോ 2021ലാണ് മോഹൻ ബഗാന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അതിനു മുൻപ് അദ്ദേഹം എഫ്‌സി ഗോവയുടെ പരിശീലകനായി ഒരു സീസൺ ഇന്ത്യയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ഡ്യൂറൻഡ് കപ്പും മോഹൻ ബഗാന് നേടിക്കൊടുത്ത അദ്ദേഹം ഗോവക്കൊപ്പം ഡ്യൂറൻഡ് കപ്പും നേടിയിട്ടുണ്ട്.

ഫെറാൻഡോക്ക് കീഴിൽ മോഹൻ ബഗാൻ ഈ സീസൺ തുടങ്ങിയത് വളരെ മികച്ച രീതിയിൽ ആയിരുന്നെങ്കിലും സമീപകാലത്ത് ടീമിന്റെ ഫോം മോശമായി. അവസാനം നടന്ന പത്ത് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മോഹൻ ബഗാന് വിജയം നേടാൻ കഴിഞ്ഞത്. ആറെണ്ണത്തിലും തോൽവി വഴങ്ങിയ ടീം എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയും ചെയ്‌തു.

കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ തുടങ്ങിയ ടീമുകൾക്കെതിരെ കഴിഞ്ഞ മത്സരങ്ങളിൽ സ്വന്തം മൈതാനത്ത് വഴങ്ങിയ തോൽവി ഫെറാണ്ടോ പുറത്തു പോകുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. എഫ്‌സി ഗോവക്കെതിരെ മോഹൻ ബഗാൻ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയതെങ്കിലും മത്സരത്തിൽ ബഗാനെ നിഷ്പ്രഭമാക്കിയിരുന്നു.

ഈ സീസണിൽ പത്ത് മത്സരങ്ങൾ കളിച്ച മോഹൻ ബഗാൻ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. ഫെറാൻഡോക്ക് പകരം നിലവിൽ ടെക്‌നിക്കൽ ഡയറക്റ്ററായ മുൻ പരിശീലകൻ അന്തോണിയോ ലോപ്പസ് ഹബാസ് സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എടികെ പരിശീലകനായിരിക്കെ രണ്ടു സീസണിൽ ടീമിനെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് അദ്ദേഹം.

Mohun Bagan Set To Part Ways With Juan Ferrando