“ഗോൾഡൻ ബൂട്ട് കിട്ടില്ലെന്നുറപ്പായി, ഞങ്ങൾക്കൊരു സിൽവർ ബൂട്ടെങ്കിലും തരൂ”- അപേക്ഷയുമായി പ്രീമിയർ ലീഗ് താരം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും യൂറോപ്പിലും തരംഗമായി മാറുകയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ബ്രൂട്ട് ഹാലാൻഡ്. നേരത്തെ തന്നെ ഗോളുകൾ നേടാനുള്ള തന്റെ അസാമാന്യകഴിവുകൾ കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരം പ്രീമിയർ ലീഗിൽ എത്തിയതോടെ കൂടുതൽ അപകടകാരിയായി മാറിയിരിക്കയാണ്. സീസണിൽ കളിച്ചതിൽ ബേൺമൗത്തിന് എതിരെയുള്ള മത്സരത്തിൽ ഒഴികെ എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ താരത്തിനായിട്ടുണ്ട്. ആ മത്സരത്തിലാണെങ്കിൽ ഒരു അസിസ്റ്റും ഹാലൻഡ് സ്വന്തമാക്കിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒൻപതു മത്സരങ്ങളിൽ കളിച്ച താരം ഇന്നു സൗത്താപ്റ്റനെതിരെയും വല കുലുക്കിയതോടെ പതിനഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. അതിൽ മൂന്നു ഹാട്രിക്കുകളും ഉൾപ്പെടുന്നു. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മറ്റാർക്കും പിടി കൊടുക്കാതെ ബഹുദൂരം മുന്നിലാണ് നോർവീജിയൻ താരം. ഹാലാൻഡ് പതിനഞ്ചു ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പർ താരം ഹാരി കേനിന്റെ പേരിൽ ഏഴു ഗോളുകൾ മാത്രമാണുള്ളത്. ആറു ഗോളുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ താരമായ ഫിൽ ഫോഡൻ മൂന്നാം സ്ഥാനത്തു നിൽക്കുന്നു.
അതിനിടയിൽ ഹാലൻഡ് ഇങ്ങിനെ ഗോളുകൾ അടിച്ചു കൂട്ടുകയാണെങ്കിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനു പുറമെ മറ്റൊരു ബൂട്ട് കൂടി പുരസ്കാരമായി നൽകണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കറായ കല്ലം വിൽസൺ. ഇതേ ഫോമിൽ തുടർന്ന് എല്ലാ മത്സരങ്ങളും കളിക്കുകയാണെങ്കിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ എർലിങ് ഹാലൻഡിനെ തൊടാൻ ആർക്കും കഴിയില്ലെന്ന് ഉറച്ച ബോധ്യമുള്ള സാഹചര്യത്തിലാണ് രണ്ടാമതെത്തുന്ന താരത്തിന് സിൽവർ ബൂട്ട് നൽകണമെന്ന് വിത്സൺ ആവശ്യപ്പെട്ടത്.
Callum Wilson is already fed up with Erling Haaland 😂 pic.twitter.com/HXjNlhKnQK
— ODDSbible (@ODDSbible) October 8, 2022
“സീസണു ശേഷം ഒരു ഗോൾഡൻ ബൂട്ട് പുരസ്കാരമുണ്ട്. അതിപ്പോൾ ചിത്രത്തിൽ തന്നെയില്ല, അതു പോയിക്കഴിഞ്ഞു. ഹാലാൻഡിന് അവന്റേതായ ഗോൾഡൻ ബൂട്ടും ഞങ്ങൾക്ക് വേറൊന്നും നൽകണം. ഒരു സിൽവർ ബൂട്ട് നൽകണമെന്നാണ് ഞാൻ പറയുന്നത്. നീതിയുക്തമാക്കുന്നതിനു എന്തെങ്കിലും ചെറുത് നൽകണം. വ്യക്തിപരമായി പറയുകയാണെങ്കിൽ സീസണിൽ ഏറ്റവുമധികം പ്രീമിയർ ലീഗ് ഗോളുകളെന്ന റെക്കോർഡ് താരം തകർക്കും.” വിത്സൺ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയത് ടോട്ടനം ഹോസ്പർ താരം ഹ്യുങ് മിൻ സോണും ലിവർപൂൾ താരം മൊഹമ്മദ് സലായുമാണ്. ഇരുവരും ഇരുപത്തിമൂന്നു ഗോളുകളാണ് നേടിയത്. ഇനി പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 29 മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ 15 ഗോളുകൾ നേടിക്കഴിഞ്ഞ ഹാലാൻഡ് മറ്റു താരങ്ങൾക്കൊന്നും മറികടക്കാൻ കഴിയാത്ത വേഗതയിലാണ് കുതിക്കുന്നത്. താരത്തിന്റെ ഈ കുതിപ്പിൽ യൂറോപ്പിലെ നിരവധി റെക്കോർഡുകൾ കടപുഴകും എന്ന കാര്യത്തിലും സംശയമില്ല.