നാൽപതു ഗോൾ നേടിയാലും ഹാലൻഡ് ഇല്ലാത്തതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നല്ലതെന്ന വിമർശനത്തിൽ പ്രതികരണവുമായി ഗ്വാർഡിയോള

പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ എർലിങ് ഹാലൻഡ് നിറം മങ്ങുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക നൽകുന്ന കാര്യമാണ്. അനായാസം ഗോളുകൾ നേടാൻ കഴിയുന്ന താരമായി അറിയപ്പെടുന്ന ഹാലൻഡ് ഗോളുകൾ നേടാത്ത മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തിൽ കാര്യമായ സംഭാവനയൊന്നും ചെയ്യുന്നില്ലെന്നതും ടീമിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനവും ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്.

പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഗോൾ കണ്ടെത്താൻ ഹാലാൻഡിനു കഴിഞ്ഞിട്ടില്ല. ഇതിൽ രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങുകയും ചെയ്‌തു. മോശം ഫോമിലുള്ള ചെൽസിക്കെതിരായ മത്സരത്തിൽ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ഇഎഫ്എൽ കപ്പിൽ സൗത്താപ്റ്റനോട് തോറ്റ് പുറത്തായ സിറ്റി പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് കിരീടപ്പോരാട്ടത്തിലും പിന്നിലായി.

മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം 21 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയ താരമായ ഹാലാൻഡിന്റെ ഫോമിൽ ചെറിയൊരു മങ്ങലുണ്ടായി എന്നതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി സിസ്റ്റം താരത്തെ മാത്രം ആശ്രയിക്കുന്ന തലത്തിലേക്കും പലപ്പോഴും മാറിപ്പോകുന്നുണ്ട്. ഇതാണ് താരം തിളങ്ങാത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നൽകുന്നത്. കഴിഞ്ഞ രണ്ടു സീസണുകളായി പ്രോപ്പർ സ്‌ട്രൈക്കർക്ക് പകരം ഫാൾസ് നയൻ പൊസിഷനാണ് മുന്നേറ്റനിരയിൽ മാഞ്ചസ്റ്റർ സിറ്റി ഉപയോഗിച്ചിരുന്നത്.

ഹാലാൻഡിന്റെ ഫോമിന് ഇടിവ് സംഭവിച്ചത് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ദിദിയർ ഹാമന്റെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. താരം നാൽപതു ഗോളുകൾ നേടിയിട്ടും കാര്യമില്ല, മാഞ്ചസ്റ്റർ സിറ്റി ഹാലാൻഡ് ഇല്ലാത്തപ്പോഴാണ് മികച്ച ടീമെന്നാണ് ഹാമൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കളിക്കളത്തിൽ ക്രിയാത്മകമായി ഇടപെടാൻ താരത്തിന് പരിമിതികളുള്ളതാണ് ഹാമന്റെ വിമർശനത്തിന് പ്രധാന കാരണം.

അതേസമയം ഈ വിമർശനങ്ങളെ പെപ് ഗ്വാർഡിയോള തള്ളിക്കളഞ്ഞു. ടീമുകൾ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുമ്പോൾ താരത്തെ കണ്ടെത്തുക പ്രയാസമുള്ള കാര്യമാണെന്നു പറഞ്ഞ ഗ്വാർഡിയോള പക്ഷെ താരം ടീമിൽ കൂടുതൽ ഉൾച്ചേർന്നു കളിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. സിറ്റി അസ്ഥിരമായ പ്രകടനമല്ല ഇപ്പോൾ നടത്തുന്നതെന്നു പറഞ്ഞ അദ്ദേഹം ടീമിന്റെ കളി മോശമല്ലെന്നും റിസൾട്ടുകൾ വരുന്നില്ലെന്നും കൂട്ടിച്ചേർത്തു.