മെസിയുടെ പിഎസ്‌ജിക്കെതിരെ റൊണാൾഡോ നായകൻ, പ്രഖ്യാപനമെത്തി

സൗദി അറേബ്യയിൽ റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ. ഇംഗ്ലീഷ് എഫ്എയുടെ വിലക്കുള്ളതിനാൽ ട്രാൻസ്‌ഫർ പൂർത്തിയായതിനു ശേഷം രണ്ടു മത്സരങ്ങൾ താരത്തിന് നഷ്‌ടമായിരുന്നു. ജനുവരി 22നു അൽ ഇത്തിഫാകുമായി നടക്കുന്ന മത്സരത്തിലാണ് സൗദിൽ ലീഗിൽ റൊണാൾഡോ അരങ്ങേറ്റം കുറിക്കുക. എന്നാൽ അതിനു മുൻപേ തന്നെ സൗദി അറേബ്യയിലെ തന്റെ ആദ്യത്തെ മത്സരം ലയണൽ മെസിയുടെ പിഎസ്‌ജിക്കെതിരെ റൊണാൾഡോ കളിക്കും.

പിഎസ്‌ജിയുടെ മിഡിൽ ഈസ്റ്റ് ടൂറിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ മത്സരം കളിക്കുന്നത്. സൗദിയിലെ പ്രധാന ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നീ ടീമുകളിലെ മികച്ച താരങ്ങളെ അണിനിരത്തിയാണ് സൗഹൃദമത്സരം നടത്തുക. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽ നസ്ർ താരമായി റൊണാൾഡോയും ഇറങ്ങുന്നുണ്ട്. സൗദിയിൽ റൊണാൾഡോ എത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരം തന്നെ മെസിക്കെതിരെ കളിക്കുന്നതിൽ ആരാധകരും ആവേശത്തിലാണ്.

റൊണാൾഡോ മത്സരം കളിക്കുമെന്ന് അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ആ മത്സരത്തിൽ റൊണാൾഡോ സൗദി ക്ലബുകളുടെ ഓൾ സ്റ്റാർ ഇലവനെ നയിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് എന്റെർറ്റൈന്മെന്റിന്റെ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് റൊണാൾഡോക്ക് ക്യാപ്റ്റൻ ആംബാൻഡ്‌ അണിയുന്നതിന്റെ ചിത്രം പുറത്തു വിടുകയും ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ റൊണാൾഡോ ഫ്രീ ഏജന്റായാണ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. ഇതോടെ ലോകത്തിൽ ഏറ്റവുമധികം വേതനം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിരുന്നു. സൗദി അറേബ്യയിലെ തുടക്കം തന്നെ ഗംഭീരമാക്കാൻ റൊണാൾഡോക്ക് ലഭിക്കുന്ന അവസരമാണ് ഈ മത്സരം. ലയണൽ മെസി, നെയ്‌മർ, കെയ്‌ലിൻ എംബാപ്പെ എന്നിവരടങ്ങുന്ന പിഎസ്‌ജി ടീമിനെതിരെ ഒരു സമനില നേടാൻ കഴിഞ്ഞാൽ പോലും അത് സൗദി ടീമിന് നേട്ടമായിരിക്കും.