മാർട്ടിനെല്ലിയുടെ ഹസ്‌തദാനം നിഷേധിച്ചതിനെ കാരണം വെളിപ്പെടുത്തി റിച്ചാർലിസൺ

ആഴ്‌സണലും ടോട്ടനവും തമ്മിൽ ഇന്നലെ നടന്ന വെസ്റ്റ് ലണ്ടൻ ഡെർബി ഒട്ടനവധി സംഭവവികാസങ്ങൾ കണ്ടാണ് അവസാനിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആഴ്‌സണൽ വിജയം നേടിയ മത്സരത്തിനു ശേഷം താരങ്ങൾ തമ്മിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നു. ഇതിനു പുറമെ ആഴ്‌സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ദേലിനെ ഒരു ആരാധകൻ വന്നു ചവിട്ടാൻ ശ്രമിച്ചത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്‌തു.

ടോട്ടനം മുന്നേറ്റനിര താരമായ റിച്ചാർലിസണും റാംസ്‌ദേലും തമ്മിൽ മത്സരത്തിനു ശേഷം ചെറിയ ഉരസലുകൾ ഉണ്ടായിരുന്നു. ടോട്ടനം ആരാധകർക്കു മുന്നിൽ ആഴ്‌സണൽ ഗോൾകീപ്പർ വിജയം ആഘോഷിച്ചതാണ് ബ്രസീലിയൻ താരത്തെ പ്രകോപിച്ചത്. അതിനു പിന്നാലെയാണ് ഗോൾപോസ്റ്റിന്റെ പിന്നിലേക്ക് പോയ ഗോൾകീപ്പറെ ഒരു ആരാധകൻ ചവിട്ടാൻ ശ്രമിച്ചത്. ഇത് വീണ്ടും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്‌തു.

എന്നാൽ റിച്ചാർലിസൺ പ്രകോപിതനായത് അപ്പോൾ മാത്രമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വീഡിയോ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെ പുറത്തു വന്ന വീഡിയോയിൽ ആഴ്‌സനലിന്റെ ബ്രസീലിയൻ താരമായ ഗബ്രിയേൽ മാർട്ടിനെല്ലി ഒരു കോർണർ എടുക്കാൻ വരുന്ന സമയത്ത് സൈഡ്‌ലൈനിൽ വാമപ്പ് ചെയ്യുന്ന റിച്ചാലിസണു കൈ കൊടുക്കാൻ നീട്ടുന്നുണ്ട്. എന്നാൽ ടോട്ടനം ഹോസ്‌പർ താരം അത് പൂർണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ ടീമിന്റെ സ്‌ക്വാഡിൽ ഒരുമിച്ചുണ്ടായിരുന്ന താരങ്ങളാണ് റിച്ചാർലിസണും മാർട്ടിനെല്ലിയും. എന്നിട്ടും ഇവർ തമ്മിൽ ഐക്യവും സൗഹൃദവും കാണിക്കാതെ പെരുമാറിയത് ബ്രസീൽ ആരാധകർക്കാണ് കൂടുതൽ നിരാശ നൽകിയിരിക്കുന്നത്. റിച്ചാർലിസൺ ചെയ്‌ത പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം തന്റെ പ്രവൃത്തിക്ക് മത്സരത്തിന് ശേഷം ടോട്ടനം സ്‌ട്രൈക്കർ ക്ഷമ ചോദിച്ചിരുന്നു. മാർട്ടിനെല്ലിയോട് മാപ്പു പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം ഒരുപാട് ഡൈവ് ചെയ്‌തുവെന്നും അതുകൊണ്ടാണ് ഹസ്‌തദാനം നൽകിയപ്പോൾ താൻ നിഷേധിച്ചതെന്നുമാണ് റിച്ചാർലിസൺ പറയുന്നത്. എന്നാൽ എന്തിന്റെ തന്നെ പേരിലാണെങ്കിലും ദേശീയ ടീം സഹതാരത്തെ അപമാനിച്ച പ്രവൃത്തി ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം.