കരാർ ഒപ്പിട്ടാലും ബാഴ്‌സലോണക്കൊപ്പം ഉണ്ടായേക്കില്ല, ഗുൻഡോഗൻ കരാറിൽ അവിശ്വസനീയമായ ഉടമ്പടി | Gundogan

മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിച്ച ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണ്. സെർജിയോ ബുസ്‌ക്വറ്റ്സ് ക്ലബ് വിട്ടതിനാൽ പകരക്കാരാണെന്ന നിലയിലാണ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്. രണ്ടു വർഷത്തെ കരാറിൽ ജർമൻ മധ്യനിര താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വെളിപ്പെടുത്തുന്നു.

ബാഴ്‌സലോണയുമായി കരാർ ഒപ്പുവെച്ചാൽ പോലും ഗുൻഡോഗൻ വരുന്ന സീസണിൽ ക്ലബിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്‌സലോണയുമായി ഒപ്പുവെക്കുന്ന കരാറിലുള്ള ഉടമ്പടി പ്രകാരം ലീഗ് സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ലാ ലിഗയിൽ രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫ്രീ ഏജന്റായി ക്ലബ് വിടാൻ താരത്തിന് കഴിയുമെന്ന് ഈ ഉടമ്പടി വ്യക്തമാക്കുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സെവിയ്യയിൽ നിന്നും ബാഴ്‌സലോണ ടീമിലേക്ക് ചേക്കേറിയ ജൂൾസ് കൂണ്ടെ സമാനമായ സാഹചര്യം നേരിട്ടിരുന്നു. ലീഗ് ആരംഭിച്ച് രണ്ടു മത്സരം കഴിഞ്ഞതിനു ശേഷമാണ് കൂണ്ടെയെ ബാഴ്‌സലോണക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്. തനിക്ക് അത്തരമൊരു സാഹചര്യം വരാതിരിക്കാൻ വേണ്ടിയാണ് ഗുൻഡോഗൻ കരാറിൽ ഇതുപോലെയൊരു നിബന്ധന വെച്ചതെന്ന് വ്യക്തമാണ്.

സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് ബാഴ്‌സലോണക്ക് താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കൃത്യമായി കഴിയാത്തത്. എന്നാൽ ഗുൻഡോഗൻ വെച്ചിരിക്കുന്ന ഉടമ്പടി നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ ബാഴ്‌സലോണക്ക് സമ്മർദ്ദം നൽകും. അല്ലെങ്കിൽ കരാർ റദ്ദാക്കി ജർമൻ താരം ക്ലബ് വിടാൻ സാധ്യതയുണ്ട്. പ്രീമിയർ ലീഗ് ക്ലബുകൾ അടക്കമുള്ളവരെ തഴഞ്ഞ് ബാഴ്‌സയിലെത്തിയ ഗുൻഡോഗനു മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.

Gundogan Have An Exit Clause In Barcelona Contract