മെസിയെ രണ്ടാമനാക്കി മികച്ച താരമായി ഹാലൻഡ്, ബാലൺ ഡി ഓറിലും ആവർത്തിക്കുമോ | Haaland

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള പ്രധാന മത്സരം ലയണൽ മെസിയും എർലിങ് ഹാലൻഡും തമ്മിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മെസി അർജന്റീനക്കൊപ്പം ലോകകപ്പും പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗും സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ നേടിയതാണ് എർലിങ് ഹാലാൻഡിനു ബാലൺ ഡി ഓർ സ്വന്തമാക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നത്.

മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിന് താനൊരു വെല്ലുവിളിയാകുമെന്ന് ഉറപ്പിച്ച് എർലിങ് ഹാലാൻഡ് കഴിഞ്ഞ ദിവസം മറ്റൊരു പുരസ്കാരം നേടുകയുണ്ടായി. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമെന്ന നേട്ടമാണ് ഹാലാൻഡ് സ്വന്തമാക്കിയത്. ആകെ തിരഞ്ഞെടുത്ത നൂറു താരങ്ങളിൽ ഹാലാൻഡാണ് ഒന്നാം സ്ഥാനത്തു വന്നത്.

115 ജേർണലിസ്റ്റുകൾ, മുൻ താരങ്ങൾ, പരിശീലകർ, ആരാധകർ എന്നിങ്ങനെയുള്ളവർ വോട്ടെടുത്താണ് മികച്ച താരത്തെ തിരഞ്ഞെടുത്തത്. ഹാലാൻഡ് 5631 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസി 679 പോയിന്റ് പിന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് താരം വിനീഷ്യസിനെക്കാൾ 699 പോയിന്റും നോർവീജിയൻ സ്‌ട്രൈക്കർ സ്വന്തമാക്കുകയുണ്ടായി.

കഴിഞ്ഞ സീസണിൽ ഈ പുരസ്‌കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ കരിം ബെൻസിമയായിരുന്നു. കഴിഞ്ഞ സീസണിലും ഈ സീസണിലും ടോപ് ത്രീ റാങ്കിങ്ങിൽ തുടരാൻ വിനീഷ്യസ് ജൂനിയറിനു കഴിഞ്ഞു. പ്രധാന കിരീടങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മികച്ച വ്യക്തിഗത പ്രകടനമാണ് വിനീഷ്യസ് ജൂനിയർ ക്ലബിനായി നടത്തിയത്.

Haaland Awarded Marca Player Of The Season