എംബാപ്പയെ കുറഞ്ഞ തുകക്ക് നൽകാം, പകരം സൂപ്പർതാരത്തെ വിട്ടുനൽകാനാവശ്യപ്പെട്ട് പിഎസ്‌ജി | Mbappe

പിഎസ്‌ജി താരമായ കിലിയൻ എംബാപ്പെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസൺ അവസാനിക്കുന്നതോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇതോടെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ താരത്തെ പിഎസ്‌ജി വിൽക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂവെങ്കിലും എംബാപ്പയെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കണമെങ്കിൽ വലിയ തുക തന്നെ റയൽ മാഡ്രിഡ് മുടക്കേണ്ടി വരുമെന്നുറപ്പാണ്. ഇരുനൂറു മില്യൺ യൂറോയെങ്കിലും താരത്തിനായി ലഭിക്കുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. അത്രയും തുക നൽകുന്നത് ഒഴിവാക്കാൻ വേണ്ടി റയലിന് മുന്നിൽ ഒരു കൈമാറ്റക്കരാറും പിഎസ്‌ജി വെക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ ബ്രസീലിയൻ താരമായ റോഡ്രിഗോ ഗോസിനെ ട്രാൻസ്‌ഫർ ഡീലിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് പിഎസ്‌ജി നടത്തുന്നത്. പിഎസ്‌ജിയുടെ പുതിയ പരിശീലകനായി എത്തുന്നത് ലൂയിസ് എൻറിക്കാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നത്.

എന്നാൽ ഈ ഡീലിനു റയൽ മാഡ്രിഡ് സമ്മതം മൂളാൻ യാതൊരു സാധ്യതയുമില്ല. വെറും ഇരുപത്തിരണ്ടു വയസു മാത്രമുള്ള റോഡ്രിഗോ സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാണ്. മുന്നേറ്റനിരയിലെ വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള കഴിവും താരത്തിനുണ്ട്. അതിനാൽ തന്നെ എംബാപ്പയെ സ്വന്തമാക്കാൻ റോഡ്രിഗോയെ വിട്ടുകൊടുക്കാൻ റയൽ മാഡ്രിഡ് ഒരിക്കലും തയ്യാറാകില്ല.

PSG Like To Include Rodrygo In Mbappe Deal