സൂപ്പർകപ്പിനു തൊട്ടു മുൻപേ കേരള ബ്ലാസ്റ്റേഴ്സിന് നിരാശപ്പെടുത്തുന്ന വാർത്ത, സൂപ്പർതാരം ക്ലബ് വിട്ടു | Kerala Blasters
ഏതാനും ദിവസങ്ങൾക്ക് ശേഷം സൂപ്പർകപ്പിനായി ഇറങ്ങാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് നിരാശ സമ്മാനിച്ച് ടീമിന്റെ പ്രതിരോധതാരമായ ഖബ്റ ക്ലബ് വിട്ടുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പിനുള്ള ടീമിൽ ഖബ്റ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ക്ലബ് വിടാൻ പോവുകയാണെന്ന് മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തത്.
ഈ സീസണോടെ അവസാനിക്കുന്ന ഖബ്റയുടെ കരാർ പുതുക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. താരം ടീമിലെ മറ്റുള്ള കളിക്കാരോട് യാത്ര പറഞ്ഞുവെന്നും മാർക്കസ് വെളിപ്പെടുത്തുന്നു. ഈ സീസണിൽ അകെ ഏഴു മത്സരങ്ങളിൽ മാത്രമാണ് മുപ്പത്തിനാലുകാരനായ ഹർമൻജോത് ഖബ്റ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനിറങ്ങിയിട്ടുള്ളത്.
🚨| Khabra already said goodbye to his teammates. He won't be part of Kerala Blasters next season ❌ @MarcusMergulhao #KBFC pic.twitter.com/ADYPqhcL2O
— KBFC XTRA (@kbfcxtra) April 4, 2023
താരത്തിന്റെ ഏജന്റുമായി കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും എവിടേക്കാവും ഖബ്റ അടുത്തത് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിച്ച കഴിഞ്ഞ സീസണിൽ ഗംഭീരപ്രകടനം നടത്തിയ താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരവും ടീമിലെ പ്രധാനിയുമായിരുന്നു.
നാല് വർഷം ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് ഖബ്റ കഴിഞ്ഞ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിൽ നൂറിലധികം മത്സരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്തുള്ള താരം രണ്ടു ഗോളുകളും പതിമൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവർക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയിട്ടുള്ള താരം കഴിഞ്ഞ സീസണിൽ ഫൈനലും കളിച്ചു.
പ്രതിരോധതാരങ്ങളിൽ പത്താം നമ്പർ ജേഴ്സിയണിയുന്ന താരമെന്ന നിലയിലും ഖബ്റ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. താരത്തിന്റെ അഭാവത്തിൽ പുതിയ കളിക്കാർക്ക് അവസരം നൽകാനാവും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് സ്വന്തം നാട്ടിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ കപ്പ് നിർണായകമാണെന്നിരിക്കെ വളരെ പരിചയസമ്പത്തുള്ള താരത്തെ ഒഴിവാക്കിയത് ആരാധകർക്ക് ഞെട്ടൽ തന്നെയാണ്.
Content Highlights: Harmanjot Khabra Left Kerala Blasters