വേഗോസ്റ്റിനെ സ്വന്തമാക്കിയത് റൊണാൾഡോയെക്കാൾ ഗുണം ചെയ്‌തു, കണക്കുകൾ നിരത്തി ഗാരി നെവിൽ | Cristiano Ronaldo

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം നിരവധി മത്സരങ്ങൾ കളിച്ചെങ്കിലും രണ്ടു ഗോളും മൂന്ന് അസിസ്റ്റുമാണ് ഹോളണ്ട് താരമായ വൂട്ട് വേഗോസ്റ്റ് സ്വന്തമാക്കിയത്. റൊണാൾഡോയുടെ പകരക്കാരനായാണ് വേഗോസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന്റെ ട്രാൻസ്‌ഫർ റൊണാൾഡോ എത്തിയതിനേക്കാൾ ഗുണം ചെയ്‌തുവെന്നാണ് മുൻ താരം ഗാരി നെവിലും പറയുന്നത്.

ലോണിൽ ടീമിലെത്തിച്ച വേഗോസ്റ്റ് താൽക്കാലികമായി മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരമാണെന്നാണ് നെവിൽ പറയുന്നത്. അതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോസ്റ്റാർട്ട് ചെയ്‌ത പത്തൊൻപതു മത്സരങ്ങളും ഡച്ച് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ടീമിനായി സ്റ്റാർട്ട് ചെയ്‌ത പത്തൊൻപതു മത്സരങ്ങളും താരതമ്യം ചെയ്‌താണ്‌ ഗാരി നെവിൽ തന്റെ അഭിപ്രായം പറഞ്ഞത്

വേഗോസ്റ്റ് ഇറങ്ങിയ പത്തൊമ്പത് മത്സരങ്ങളിൽ പന്ത്രണ്ടു വിജയവും നാല് സമനിലയും മൂന്നു പരാജയവുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. ഇതിനു പുറമെ മുപ്പത്തിയേഴു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുകയും ചെയ്‌തു. അതേസമയം റൊണാൾഡോ ഇറങ്ങിയ മത്സരങ്ങളിൽ ഒൻപതു വിജയമാണ് ക്ലബ് നേടിയത്. മൂന്നു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ ഏഴു മത്സരങ്ങളിൽ അവർ തോൽവി നേരിട്ടു.

ഇതിനു പുറമെ റൊണാൾഡോ ഇറങ്ങിയ മത്സരങ്ങളിൽ താരം പതിനൊന്ന് ഗോളുകൾ നേടിയെങ്കിലും ടീം ആകെ നേടിയത് ഇരുപത്തിമൂന്നു ഗോളുകൾ ആണെന്നതും അദ്ദേഹം വെളിപ്പെടുത്തി. വേഗോസ്റ്റ് രണ്ടു ഗോളുകൾ മാത്രമേ നേടിയുള്ളൂവെങ്കിലും ടീമിന്റെ മൊത്തം പ്രകടനത്തെ മെച്ചപ്പെടുത്താൻ താരത്തിന്റെ സാന്നിധ്യം കൊണ്ട് കഴിഞ്ഞുവെന്നാണ് ഗാരി നെവിൽ പറയുന്നത്.

റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന് സമ്മതിക്കുന്ന ഗാരി നെവിൽ താരത്തിന്റെ ഇടം മറികടക്കാൻ ഡച്ച് സ്‌ട്രൈക്കർക്ക് കഴിയില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ടീമിന്റെ പ്രകടനത്തിൽ കൂടുതൽ സംഭാവന നൽകിയത് താരമാണെന്നാണ് അദ്ദേഹം പറയുന്നത്. റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടിട്ടുമുണ്ട്.

Content Highlights: Weghorst Bring More Profit To Manchester United Than Cristiano Ronaldo