സീസണിൽ ഏറ്റവുമധികം പന്ത് നഷ്‌ടമാക്കിയ താരങ്ങളിൽ ലയണൽ മെസിയും, കാരണമിതാണ് | Lionel Messi

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് അതിനു ശേഷമുള്ള രണ്ടു സീസണുകളിലും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം അർജന്റീന ടീമിനൊപ്പം മെസി ഉജ്ജ്വല പ്രകടനമാണ് നടത്തുന്നത്. ബാഴ്‌സയിലും അർജന്റീനയിലും മെസിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം പിഎസ്‌ജിക്കൊപ്പം ലഭിക്കുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതിനിടയിൽ ഈ സീസണിൽ ഏറ്റവുമധികം തവണ പന്ത് നഷ്‌ടമാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്തേക്ക് വന്നപ്പോൾ അതിൽ രണ്ടാം സ്ഥാനത്ത് ലയണൽ മെസിയുണ്ട്. ഇതിന്റെ പേരിൽ ലയണൽ മെസിയെ എതിരാളികൾ കളിയാക്കാനും തുടങ്ങിയിരുന്നു. എന്നാൽ മെസിയെ കളിയാക്കിയവരുടെ വായടഞ്ഞു പോകുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

475 തവണ പന്ത് നഷ്ടമാക്കിയ മെസി ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഒന്നാം സ്ഥാനത്തുള്ളത് വിനീഷ്യസ് ജൂനിയറാണ്. 478 തവണ താരം പന്ത് നഷ്‌ടമാക്കി കളഞ്ഞു. 458, 450, 441 എന്നിങ്ങനെ പന്ത് നഷ്‌ടമാക്കിയ ബുക്കായോ സാക്ക, ബ്രൂണോ ഫെർണാണ്ടസ്, കെവിൻ ഡി ബ്രൂയ്ൻ എന്നിവരാണ് ഈ ലിസ്റ്റിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഉള്ളത്. ഇവരെല്ലാം മികച്ച പ്രകടനം നടത്തുന്ന കളിക്കാരാണ്.

പന്ത് നഷ്‌ടമാക്കിയതിന്റെ കണക്കുകളിൽ മിസ്‌പാസുകളും ഉൾപ്പെടും. ഒരു മത്സരത്തിൽ കൂടുതൽ ടച്ച് ചെയ്യുന്ന, സർഗാത്മകത കൂടിയ, മറ്റുള്ളവർക്ക് അവസരങ്ങൾ ഒരുക്കി നൽകുന്ന താരങ്ങൾ ഈ ലിസ്റ്റിൽ വരുന്നത് സ്വാഭാവികമായ കാര്യമാണ്. ഈ ലിസ്റ്റിലുള്ള താരങ്ങളെല്ലാം അവരുടെ ക്ലബിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരാണെന്നത് ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.

നേരത്തെ മെസി പന്ത് നഷ്‌ടപ്പെടുത്തിയതിന്റെ മാത്രം കണക്കുകൾ പുറത്തു വന്നപ്പോൾ താരത്തെ ട്രോളിയ ബ്രസീൽ, റയൽ മാഡ്രിഡ്, പോർച്ചുഗൽ ആരാധകർ എല്ലാം പുതിയ വിവരങ്ങൾ വന്നപ്പോൾ മിണ്ടാതിരിക്കുകയാണ്. അവരുടെ ക്ലബിന്റെയും ടീമിലെയും താരങ്ങളും ഈ ലിസ്റ്റിൽ ഉണ്ടെന്നതാണ് അതിനു കാരണം. എന്തായാലും മെസി ആരാധകർ ഇതിനു മറുപടി കൃത്യമായി നൽകിയതിന്റെ സന്തോഷത്തിലാണ്.

Content Highlights: Lionel Messi Statistics Possession Lost