ഇത് ഫുട്ബോളിനെ അപമാനിക്കൽ, പിഎസ്‌ജിയിൽ നിന്നും മെസി പുറത്തു പോകണം | Lionel Messi

ലയണൽ മെസിയും പിഎസ്‌ജി ആരാധകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ടൊരു ചർച്ചാവിഷയമാണ്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ബയേണിനോട് തോറ്റ് പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെയാണ് മെസിക്കെതിരെ ആരാധകരോഷം ഉയർന്നത്. തുടർച്ചയായ മൂന്നു മത്സരങ്ങൾക്ക് മുൻപ് മെസിയെ പിഎസ്‌ജി ആരാധകർ കൂക്കി വിളിക്കുകയും ചെയ്‌തു.

ലയണൽ മെസിയോടുള്ള പിഎസ്‌ജി ആരാധകരുടെ രോഷം ലോകകപ്പുമായി ബന്ധപ്പെട്ടു കൂടിയാണെന്നു വ്യക്തമാണ്. മെസിയുടെ അർജന്റീന ടീമിനോട് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ തോറ്റത് പല ആരാധകർക്കും താരത്തിൽ അപ്രിയമുണ്ടാകാൻ കാരണമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിഎസ്‌ജി ആരാധകരുടെ ഈ സമീപനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഫ്രഞ്ച് താരം പെറ്റിറ്റ് രംഗത്തു വന്നു.

“മെസിക്കെതിരായ കൂക്കിവിളികൾ കണ്ടപ്പോൾ അതു ഫുട്ബോളിനോടു തന്നെയുള്ള അപമാനമായാണ് എനിക്ക് തോന്നുന്നത്. മെസിക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ എനിക്ക് നൽകാനുണ്ടെങ്കിൽ അതൊന്നു മാത്രമാണ്. ഈ ക്ലബിൽ നിന്നും ഉടനെ പുറത്തു പോവുക, പിഎസ്‌ജി ഒരു ഫുട്ബോൾ ക്ലബ് പോലുമല്ല.”

“പിഎസ്‌ജി റിട്ടയർമെന്റിനു മുൻപ് കളിക്കാൻ വേണ്ടി മാത്രമുള്ള ക്ലബാണ്. ഇരുപതു വയസുള്ള കളിക്കാർക്ക് വരെ അങ്ങിനെയാണ്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഒരാൾ പോലും മെച്ചപ്പെട്ടു വന്നിട്ടില്ല, അതു മെസിയുടെ കുഴപ്പമാണോ. മാന്ത്രികവടി കയ്യിലുള്ള താരമാണദ്ദേഹം. താരമാണ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത്.” ആർഎംസി സ്പോർട്ടിനോട് അദ്ദേഹം പറഞ്ഞു.

പിഎസ്‌ജി ആരാധകരുടെ രോഷം മെസി ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്ന ഒന്നാണ്. ഈ സീസണു ശേഷം പിഎസ്‌ജി വിടുന്ന കാര്യത്തിൽ താരം തീരുമാനം എടുത്തുവെന്ന റിപ്പോർട്ടുകളുമുണ്ട്. അങ്ങിനെയെങ്കിൽ മെസി ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു വരാനാണ് സാധ്യത. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ക്ലബ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Content Highlights: Petit Says Lionel Messi To Get Out From PSG