വെറുതെയല്ല ക്ഷമാപണം നടത്തിയത്, കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ആശ്വാസവാർത്ത | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളുടെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാനും കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു. ശിക്ഷാനടപടിയുടെ ഭാഗമായി എഐഎഫ്എഫ് തീരുമാനിച്ചതിന്റെ ഭാഗമായാണ് ടീമും പരിശീലകനും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ക്ഷമാപണം നടത്തിയത്.

ക്ഷമാപണം നടത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപയും പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് അഞ്ചു ലക്ഷം രൂപയും പിഴയായി വിധിച്ചിട്ടുണ്ട്. അതിനു പുറമെ പരിശീലകൻ ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കുമുണ്ട്. അതേസമയം ഇവർ ക്ഷമാപണം നടത്തിയതിനു പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ നടത്തിയ പ്രതികരണം ആശ്വാസം നൽകുന്നതാണ്.

ഇവാനെതിരായ വിലക്കിൽ എഐഎഫ്എഫുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക മത്സരങ്ങളും ഉൾപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. സൂപ്പർകപ്പിനു പുറമെ ഡ്യുറന്റ് കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, എഎഫ്‌സി കപ്പുമായി ബന്ധപ്പെട്ട മത്സരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും. അതേസമയം ടീമിന്റെ സൗഹൃദമത്സരങ്ങളൊന്നും ഇവാൻ വുകോമനോവിച്ചിന്റെ വിലക്കിൽ ഉൾപ്പെടുന്ന ഒന്നല്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സംബന്ധിച്ച് ഈ വാർത്ത ആശ്വാസം നൽകുന്ന ഒന്നാണ്. അടുത്ത ഐഎസ്എല്ലിന് മുൻപ് ഇവാന് വന്ന വിലക്കിലെ ഭൂരിഭാഗം മത്സരങ്ങളും അവസാനിപ്പിക്കാൻ ഇതിലൂടെ കഴിയും. പ്രസ്‌തുത ടൂർണമെന്റുകളിൽ ഒരുപാട് മുന്നേറാനും കിരീടം നേടാനുമെല്ലാം കഴിഞ്ഞാൽ അടുത്ത ഐഎസ്എൽ സീസൺ വരുമ്പോഴേക്കും ഇവാന്റെ വിലക്ക് പൂർണമായും മാറ്റാനും കഴിയും.

സൂപ്പർലീഗ് മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ലൂണയൊഴികെ ടീമിലെ പ്രധാന താരങ്ങളെല്ലാം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളി താരങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാനാവും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

Content Highlights: Ivan Vukomanovic Ban Included All AIFF Matches