മെസിയുടെ തിരിച്ചുവരവ് കാരണം റയൽ മാഡ്രിഡ് താരത്തിനായി ബാഴ്‌സലോണ ശ്രമിച്ചേക്കില്ല | Barcelona

ബാഴ്‌സലോണയും റയൽ മാഡ്രിഡും ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും വൈരം നിറഞ്ഞ ക്ലബുകളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഈ രണ്ടു ടീമുകളും തമ്മിൽ താരങ്ങളെ കൈമാറുന്നത് വളരെ അപൂർവമാണ്. ഇതിലൊരു ക്ലബിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് താരം കുടിയേറിയാൽ അത് വിവാദമാവുകയും ചെയ്യും. ലൂയിസ് ഫിഗോ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനെ പന്നിത്തല എറിഞ്ഞാണ് ബാഴ്‌സലോണ ആരാധകർ സ്വീകരിച്ചത്.

റയൽ മാഡ്രിഡിൽ നിന്നുമൊരു താരം നേരിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായിട്ടുണ്ട്. ലൂയിസ് എൻറിക്വയാണ് അവസാനമായി റയലിൽ നിന്നും ബാഴ്‌സലോണയിലേക്ക് നേരിട്ട് ചേക്കേറിയ താരം. പിന്നീടദ്ദേഹം ബാഴ്‌സയുടെ പരിശീലകനായി എത്തുകയും ചെയ്‌തിട്ടുണ്ട്‌. സമാനമായ രീതിയിൽ ഈ സമ്മറിൽ നടക്കേണ്ട ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ ഇല്ലാതായെന്നാണ് പുതിയ റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ മാർകോ അസെൻസിയോ ഈ സമ്മറിൽ റയലിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ സീസണോടെ ഫ്രീ ഏജന്റാകാൻ പോകുന്ന താരത്തിന് റയൽ മാഡ്രിഡ് പുതിയ കരാർ നൽകിയിട്ടില്ല. ഈ സാഹചര്യം ബാഴ്‌സലോണ നിരീക്ഷിച്ചിരുന്നു. എന്നാൽ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനില്ലെന്നാണ് സ്പെയിനിലെ മാധ്യമങ്ങൾ പറയുന്നത്.

ഫ്രീ ഏജന്റായതു കൊണ്ടാണ് അസെന്സിയോയിൽ ബാഴ്‌സലോണയ്ക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നത്. എന്നാൽ ലയണൽ മെസിയുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ വർധിച്ചതോടെ ആ നീക്കം ബാഴ്‌സലോണയും ഉപേക്ഷിക്കാൻ പോവുകയാണ്. മെസിയുടെതിന് സമാനമായ പൊസിഷനിൽ കളിക്കുന്ന താരത്തെ ബാഴ്‌സലോണയും പരിഗണിക്കുന്നില്ല.

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിൽ കളിക്കുന്ന അസെൻസിയോ കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഫോം വീണ്ടെടുത്ത് തുടങ്ങിയിട്ടുണ്ട്. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകുമോയെന്ന കാര്യം വ്യക്തമല്ല. റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ അസെൻസിയോയെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.

Content Highlights: Marco Asensio Will Not Sign For Barcelona