മെസിയുടെ ടീമിനെ നേരിടുമ്പോൾ കൂടുതൽ പ്രചോദനമാണ്, ലോകകപ്പിൽ അർജന്റീന തോൽപിച്ച മെക്‌സിക്കൻ താരം പറയുന്നു | Messi

ലയണൽ മെസി എത്തിയതിനു പിന്നാലെയാണ് ഇന്റർ മിയാമി അവരുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കുന്നത്. മെസി വന്നതിനു ശേഷമുള്ള മത്സരങ്ങൾ ലീഗ്‌സ് കപ്പിൽ കളിച്ച അവർ അതിൽ കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും ഇന്റർ മിയാമി ഇടം പിടിച്ചു. ക്ലബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ കിരീടത്തിനായി നാളെ ഇന്റർ മിയാമി ഹൂസ്റ്റൺ ഡൈനാമോയുമായി ഫൈനലിൽ ഏറ്റുമുട്ടാൻ പോവുകയാണ്.

ശാരീരികപ്രശ്‌നങ്ങൾ അനുഭവിക്കുന്ന ലയണൽ മെസി നാളത്തെ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. അതേസമയം ഹൂസ്റ്റൺ ഡൈനാമോയുടെ താരമായ ഹെക്റ്റർ ഹെരേര കഴിഞ്ഞ ദിവസം മെസിയെ നേരിടാൻ പോകുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മെക്‌സിക്കൻ താരമായ ഹെക്റ്റർ ഹെരേര നിരവധി തവണ മെസിക്കെതിരെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയോട് തോൽവി വഴങ്ങിയത് അവർ ടൂർണമെന്റിൽ നിന്നും പുറത്താകുന്നതിനും വഴി വെച്ചിരുന്നു.

“മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. എന്നെ സംബന്ധിച്ചിടത്തോളം മെസിക്കെതിരെ കളിക്കാനുള്ള അവസരം ലഭിക്കുകയെന്നത് കൂടുതൽ പ്രചോദനം ലഭിക്കാനുള്ള അവസരമായിരുന്നു. ഒരുപാട് തവണ മെസിക്കെതിരെ കളിക്കാനുള്ള അവസരം ലഭിച്ച എനിക്ക് ഓരോ തവണയും താരത്തിനെ മറികടന്നു ഒരിക്കലെങ്കിലും വിജയം നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ടാറ്റ മാർട്ടിനോയെയും എനിക്കറിയാം, മെസി കളിക്കുമോയെന്ന അദ്ദേഹം തന്നെയാണ് തീരുമാനിക്കുക.”

“ഞങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ട്, എന്നാൽ ഞങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്. പക്ഷെ, അത് സാവധാനത്തിൽ മാത്രമേ നടക്കുകയുള്ളൂ. ഞങ്ങൾക്ക് ഒരുപാട് പ്രവർത്തിക്കാൻ ബാക്കിയുണ്ടെന്ന് അറിയാം, ആ വഴിയിലൂടെ തന്നെയാണ് ടീം മുന്നോട്ടു പോകുന്നത്. ക്ലബിന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അധ്യായം എഴുതി വെക്കാൻ ഞങ്ങൾക്ക് ലഭിച്ച വലിയൊരു അവസരം കൂടിയാണിത്. ഞങ്ങൾക്ക് കപ്പ് നേടാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകും.” ഹെരേര പറഞ്ഞു.

ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടിനോയെയും ഹെരേരക്ക് പരിചയമുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിൽ മെക്‌സിക്കോയുടെ പരിശീലകൻ ടാറ്റ മാർട്ടിനോയായിരുന്നു. മെക്‌സിക്കോയും അർജന്റീനയും ലോകകപ്പിൽ ഒരേ ഗ്രൂപ്പിലായിരുന്നു. ആദ്യത്തെ മത്സരത്തിൽ സൗദിയോട് തോറ്റ അർജന്റീനയെ ആദ്യപകുതി വരെ മെക്‌സിക്കോയും പിടിച്ചു കിട്ടിയെങ്കിലും മെസി, എൻസോ എന്നിവരുടെ ഗോളുകളിൽ അവർ വിജയം സ്വന്തമാക്കി. മെക്‌സിക്കോ പുറത്താകാനും ഈ തോൽവി വഴിയൊരുക്കി.

Hector Herrera On Facing Lionel Messi