ഇന്ത്യയിലെ വമ്പന്മാരുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനി ടീമിന് സാമ്പത്തികമായി ഇരട്ടി കരുത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ളതും ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്‌ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കപ്പെടുമ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു നിരാശ കിരീടങ്ങളൊന്നും ഇല്ലാത്തതാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണാണ് ഇത്തവണത്തേതെന്നിരിക്കെ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും ഇതുവരെയും ഒരു കിരീടവും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞിട്ടില്ല.

ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാൻ കഴിയുന്ന ഒരു പങ്കാളിത്തത്തിൽ കഴിഞ്ഞ ദിവസം ക്ലബ് എത്തിയിട്ടുണ്ട്. ക്രോമയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിന്റെ എക്‌സ്‌ക്ലൂസീവ് അസോസിയേറ്റ് പാർട്ട്ണറും ഇലക്ട്രോണിക്‌സ് പാർട്ട്ണറുമായിരിക്കും ക്രോമ. ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രാണിക്‌സ് റീട്ടെയിലറാണ് ക്രോമ.

ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിൽ ഒരാളായ ടാറ്റ ഗ്രൂപ്പുമായി സഹകരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിലൂടെ ഫുട്ബോൾ ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, ഇന്ത്യയിലെ മികച്ചൊരു ഇലക്ട്രോണിക്‌സ് റീട്ടെയിലറായി മാറുക എന്നതെല്ലാമാണ് ക്രോമ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സും ക്രോമയും തമ്മിൽ പങ്കാളിത്തമുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ ക്രോമയുമായുള്ള പങ്കാളിത്തം പുതിയ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചിട്ടുണ്ട്. നിരവധി താരങ്ങളെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമുള്ള നാലു താരങ്ങൾ കളിക്കുന്നുണ്ട്. അതിൽ ഈ സീസണിനു മുന്നോടിയായി ടീമിലെത്തിയ ഘാന താരം ക്വമെ പെപ്ര, ഓസ്‌ട്രേലിയയിൽ നിന്നും ടീമിലേക്ക് വന്ന ജോഷുവ സോട്ടിരിയോ എന്നിവർ ഉൾപ്പെടുന്നു. ഇതിൽ സോട്ടിരിയോ പരിക്ക് കാരണം ടീമിനായി കളിച്ചിട്ടില്ല.

ഫുട്ബോളിന് ജനപ്രീതി വർധിച്ചു വരുന്നുണ്ടെന്നതും ക്രോമയുടെ സഹകരണത്തിന് പിന്നിലെ കാരണമാണ്. സാമൂഹിക ആവശ്യങ്ങൾക്കായി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും അതുകൊണ്ടാണ് ഇന്ത്യൻ സൂപ്പർലീഗിലെ മുൻനിര ഫുട്ബോൾ ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം വീണ്ടും ഉറപ്പിച്ചതെന്നും സാമൂഹിക ആവശ്യങ്ങളെ പിന്തുണക്കുന്നതിൽ അതു കൂടുതൽ കരുത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Kerala Blasters Extend Partnership With Croma