ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരു താരം, അപ്രതീക്ഷിതമായി സോഫാസ്‌കോർ ടീം ഓഫ് ദി വീക്കിൽ ഇടം നേടി മറ്റൊരു താരവും | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യറൌണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഹൈദെരാബാദും ഗോവയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്‌സരം മാറ്റി വച്ചതൊഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളും പൂർത്തിയായി. ഒരു മത്സരം മാത്രം സമനിലയിൽ അവസാനിച്ചപ്പോൾ ബാക്കി നാല് മത്സരങ്ങളിലും വിജയികൾ ഉണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ, മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ വിജയം നേടിയപ്പോൾ ഈസ്റ്റ് ബംഗാൾ-ജംഷഡ്‌പൂർ മത്സരമാണ് സമനിലയിൽ അവസാനിച്ചത്.

ആദ്യത്തെ റൌണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഇലവൻ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരേയൊരു താരം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിനെതിരെ ടീമിന്റെ വിജയഗോൾ നേടിയ അഡ്രിയാൻ ലൂണയാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി താരങ്ങളായ സഹൽ അബ്‌ദുൾ സമദ്, ടിപി രഹനേഷ് എന്നിവർ ടീമിലുണ്ട്.

ഒഡിഷ എഫ്‌സിയുടെ താരങ്ങളാണ് ലിസ്റ്റിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഡിഫെൻഡർമാരായ മൗർടാഡ ഫാൾ, അമെയ് റാനാവേദ്, മിഡ്‌ഫീൽഡർ ലെന്നി റോഡ്രിഗസ് എന്നിവർ ടീമിലുണ്ട്. മോഹൻ ബഗാനിൽ നിന്നും സഹലും പെട്രാറ്റോസും ഇടം പിടിച്ചപ്പോൾ ജംഷഡ്‌പൂരിൽ നിന്നും രഹനേഷ് എൽസിന്യോ എന്നിവർ ടീമിലുണ്ട്. ഈസ്റ്റ് ബംഗാൾ താരം സൗൾ ക്രെസ്പോ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം പാർത്തീബ്‌ ഗോഗോയ്, മുംബൈ സിറ്റി താരം പെരേര ഡയസ് എന്നിവരാണ് മറ്റു താരങ്ങൾ.

അതേസമയം സോഫാസ്‌കോർ പുറത്തിറക്കിയ ടീം ഓഫ് ദി വീക്കിലും ഒരു ബ്ലാസ്റ്റേഴ്‌സ് താരം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിയ ജാപ്പനീസ് താരം ഡൈസുകെ സകായ് ആണ് ടീമിലുള്ള താരം. മോഹൻ ബഗാനിൽ നിന്നും പെട്രാറ്റോസ്, ലിസ്റ്റാണ് കൊളാക്കോ, ഈസ്റ്റ് ബംഗാളിൽ നിന്നും സോൾ ക്രെസ്പോ, ദേശായ്, പാർഡോ, ഒഡിഷയിൽ നിന്നും ഫാൾ, അമെയ് റാനാവേദ്, നോർത്ത് ഈസ്റ്റിൽ നിന്നും ഗോഗോയ്, ജംഷഡ്‌പൂരിൽ നിന്നും രഹനേഷ് എന്നിവരും ടീമിലുണ്ട്.

ഓരോ സീസൺ കഴിയുന്നതിനനുസരിച്ച് ടീമുകളുടെ നിലവാരം ഉയരുന്നതിനാൽ ടൂർണമെന്റിന്റെ നിലവാരവും മെച്ചപ്പെട്ടു വരുന്നുണ്ട്. ആദ്യത്തെ ഗെയിം വീക്കിൽ നിന്ന് ഈ സീസണിൽ ആരാണ് ആധിപത്യം സ്ഥാപിക്കുകയെന്നു പറയാൻ കഴിയില്ല. മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ കരുത്തുറ്റ ടീമാണെങ്കിലും ഒഡിഷ, ബ്ലാസ്റ്റേഴ്‌സ് എന്നിവരെല്ലാം ഇത്തവണ വെല്ലുവിളി ഉയർത്താൻ പോന്നവരാണ്. ഈ സീസണിൽ വാശിയേറിയ പോരാട്ടം തന്നെ നടക്കാനാണ് സാധ്യത.

ISL Team Of The Week Announced