വട്ടപ്പൂജ്യമായി ഇന്ത്യ മടങ്ങുന്നു, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്ന് സ്റ്റിമാച്ച് | India

എഎഫ്‌സി ഏഷ്യൻ കപ്പിൽ അതിദയനീയമായ പ്രകടനം നടത്തി ഇന്ത്യ മടങ്ങി. ഇന്നലെ സിറിയക്കെതിരെ നടന്ന നിർണായകമായ മത്സരത്തിലും തോൽവി വഴങ്ങിയതോടെ മൂന്നിൽ മൂന്നു മത്സരങ്ങളും തോൽവി വഴങ്ങിയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്നും മടങ്ങുന്നത്. ഈ മൂന്നു മത്സരങ്ങളിൽ ഒരു വിജയം നേടാൻ മാത്രമല്ല, ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നത് ആരാധകരിൽ വളരെയധികം രോഷമുണ്ടാക്കുന്നുണ്ട്.

അതേസമയം ഇത്രയും ദയനീയമായൊരു പ്രകടനം നടത്തി ഇന്ത്യ മടങ്ങുമ്പോഴും പരിശീലകൻ സ്റ്റിമാച്ച് പറയുന്നത് ഇത് പുതിയ കാര്യങ്ങൾ മനസിലാക്കാനുള്ള ഒരു അവസരം നൽകിയെന്നാണ്. മൂന്നു മത്സരങ്ങളിൽ ഇന്ത്യ കളിച്ച രീതി വെച്ച് ഇത്രയും വലിയൊരു ടൂർണമെന്റിൽ പൊരുതാൻ തങ്ങൾക്കു കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നും അദ്ദേഹം മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ ഇന്ത്യയുടെ പ്രധാന പോരായ്‌മ ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നതാണെന്നാണ് പരിശീലകന്റെ അഭിപ്രായം. അതേസമയം ഈ ടൂർണമെന്റ് പുതിയൊരു പാഠം ഇന്ത്യയെ പഠിപ്പിച്ചുവെന്നും ഏഷ്യൻ കപ്പിന്റെ അടുത്ത എഡിഷനിൽ തിരിച്ചുവരാനും കൂടുതൽ മികച്ച പ്രകടനം നടത്താനും ഇന്ത്യക്ക് കഴിയുമെന്നും സ്റ്റിമാച്ച് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

അതേസമയം സ്റ്റിമാച്ചിനെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏഷ്യൻ കപ്പിൽ ഇന്ത്യ ഒരുപാട് മുന്നേറുമെന്നൊന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇത്രയും ദയനീയമായ പ്രകടനം ഇന്ത്യ നടത്തിയത് ആരാധകർക്ക് വലിയ നിരാശ നൽകിയിട്ടുണ്ട്. സ്റ്റിമാച്ചിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് ഏവരും പറയുന്നത്.

അതേസമയം തന്റെ കയ്യിൽ മന്ത്രവടിയൊന്നും ഇല്ലെന്നാണ് പരിശീലകൻ ഇതേക്കുറിച്ച് പറഞ്ഞത്. ഫുട്ബോൾ അടിസ്ഥാനപരമായി മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2019 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ അദ്ദേഹത്തിനു കീഴിൽ ഇത്രയും മോശം പ്രകടനം ടീം നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്.

Igor Stimac On India Exit From Asian Cup