മെസിയെ താഴ്ത്തിക്കെട്ടാൻ സോഷ്യൽ മീഡിയ പേജിനു റൊണാൾഡോ പണം നൽകിയോ, പ്രചരിക്കുന്ന വാർത്തകളിലെ യാഥാർത്ഥ്യമെന്താണ് | Ronaldo

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗ്ലോബ് സോക്കർ അവാർഡ് സ്വീകരിച്ചതിനു ശേഷം താരം നടത്തിയ പ്രതികരണങ്ങൾ പലതും മെസിയെ ഉന്നം വെക്കുന്ന രീതിയിലായിരുന്നു. ലയണൽ മെസി സ്വന്തമാക്കിയ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് അവാർഡുകളിൽ വിശ്വാസമില്ലെന്നു വരെ റൊണാൾഡോ പറഞ്ഞു.

അതിനു പിന്നാലെ വാർത്തകളിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് നിറയുകയും ചെയ്‌തു. റൊണാൾഡോ ഫാൻ പേജായ ഗോട്ടനാൾഡോ ജങ്ഷൻ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റ് ലയണൽ മെസിയെ ശരിക്കും ഉന്നം വെക്കുന്നതായിരുന്നു. റൊണാൾഡോ മുൻപ് ബാലൺ ഡി ഓർ നേടിയപ്പോൾ പുരസ്‌കാരവുമായി കരഞ്ഞു കൊണ്ടു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത പേജിന്റെ തലക്കെട്ട് ‘അർഹിക്കുന്ന അവാർഡ് വാങ്ങുമ്പോൾ നിങ്ങളുടെ പ്രതികരണം’ എന്നായിരുന്നു.

ലയണൽ മെസി നേടിയ ബാലൺ ഡി ഓർ അർഹതയില്ലാത്ത ഒന്നാണെന്നാണ് ആ പോസ്റ്റ് വ്യക്തമാക്കുന്നത്. എന്നാൽ മെസി ആരാധകർ കണ്ടെത്തിയ കാര്യം ആ പോസ്റ്റ് ഒരു പെയ്‌ഡ്‌ പ്രൊമോഷൻ ആണെന്നതും അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ചെയ്‌തത്‌ എന്നുമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആ പേജിനു പണം കൊടുത്ത് മെസിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചുവെന്നത് വലിയ ചർച്ചകൾക്കും താരത്തിനെതിരായ ട്രോളുകൾക്കും വഴിയൊരുക്കുകയും ചെയ്‌തു.

അതേസമയം ഇത് വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ ആ പേജിന്റെ അഡ്‌മിൻ തന്നെ മറുപടിയുമായി രംഗത്തു വന്നിട്ടുണ്ട്. ഫേസ്‌ബുക്കിന്റെ ബ്രാൻഡഡ് കണ്ടന്റ് ഫീച്ചർ തന്റെ പേജിനുള്ളതിനാൽ തന്നെ ഇതുപോലെയുള്ള സെലിബ്രിറ്റികളെ പെയ്‌ഡ്‌ പാർട്ട്ണർഷിപ്പ് എന്ന രീതിയിൽ തനിക്ക് ടാഗ് ചെയ്യാമെന്നു വ്യക്തമാക്കിയ അഡ്‌മിൻ അതിനു പിന്നാലെ മെസി, പെലെ എന്നിവരെയെല്ലാം ഇത്തരത്തിൽ ടാഗ് ചെയ്‌ത്‌ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

സംഭവത്തിൽ അഡ്‌മിൻ ഇത്തരത്തിൽ വ്യക്തത വരുത്തിയെങ്കിലും മെസി ആരാധകർ പലരും അത് വിശ്വസിക്കാൻ ഒരുക്കമല്ല. റൊണാൾഡോ പണം കൊടുത്ത് ആദ്യം പോസ്റ്റ് വന്നുവെന്നും അത് വലിയ രീതിയിൽ ചർച്ചയായി മാറിയതോടെ ഇത്തരത്തിൽ മെസി, പെലെ മുതലായവരെ ടാഗ് ചെയ്‌തു പോസ്റ്റ് ഇട്ടു തടിതപ്പാനുള്ള ശ്രമത്തിലാണ് അഡ്‌മിനെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Ronaldo Fan Page React On Paid Promotion Against Messi