ഇന്റർ മിയാമിക്കെതിരെ റൊണാൾഡോക്ക് ഇറങ്ങിയേ തീരൂ, ചൈന ടൂർ മാറ്റിവെച്ച് അൽ നസ്ർ | Ronaldo

ഫുട്ബോൾ ലോകം അടക്കി ഭരിച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും യൂറോപ്പ് വിട്ടതോടെ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ കുറവാണ്. കഴിഞ്ഞ ജനുവരിയിൽ ലയണൽ മെസിയുടെ പിഎസ്‌ജിയും റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലാണ് രണ്ടു താരങ്ങളും അവസാനമായി നേർക്കുനേർ വന്നത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ റൊണാൾഡോയും ലയണൽ മെസിയും വീണ്ടും നേർക്കുനേർ വരുന്നുണ്ട്. റിയാദ് സീസൺ കപ്പിൽ റൊണാൾഡോയുടെ അൽ നസ്ർ, മറ്റൊരു സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ എന്നിവരെ ഇന്റർ മിയാമി നേരിടുന്നുണ്ട്. ജനുവരി ഇരുപത്തിയൊമ്പതിനും ഫെബ്രുവരി ഒന്നിനുമാണ് ഈ ക്ലബുകൾക്കെതിരെ ഇന്റർ മിയാമി ഇറങ്ങുന്നത്.

ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ ഇറങ്ങാൻ റൊണാൾഡോ കാത്തിരിക്കുകയാണെന്നാണ് കരുതേണ്ടത്. ചെറുതായി പരിക്കിന്റെ പ്രശ്‌നങ്ങളുള്ള താരം അതിനു വേണ്ടി ചൈനയിൽ വെച്ച് കളിക്കാനിരുന്ന മത്സരം ഒഴിവാക്കുകയാണെന്ന് തീരുമാനിച്ചിരുന്നു. റൊണാൾഡോ പിന്മാറിയതോടെ ചൈനയിൽ വെച്ച് നടക്കാനിരുന്ന മത്സരം അൽ നസ്ർ മാറ്റിവെക്കുകയും ചെയ്‌തു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോക്ക് കുറച്ചു ദിവസങ്ങൾ പരിക്ക് കാരണം നഷ്‌ടമാകും. എന്നാൽ താരത്തിന്റെ പരിക്ക് യഥാർത്ഥത്തിൽ ഉള്ളതല്ലെന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇന്റർ മിയാമിയെ നേരിടാൻ മുഴുവൻ കരുത്തോടെ തയ്യാറെടുക്കാൻ വേണ്ടി താരം ചൈന ടൂറിൽ നിന്നും പിന്മാറിയതാണെന്നു ചിലർ കരുതുന്നു. അതിനിടയിൽ ചൈനയിലെ ആരാധകരോട് റൊണാൾഡോ ക്ഷമയും ചോദിച്ചിട്ടുണ്ട്.

ലയണൽ മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലയണൽ മെസിക്കു നേരെ റൊണാൾഡോ പരോക്ഷമായ വിമർശനങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വരുന്ന പോരാട്ടത്തിൽ മെസി അതിനു മറുപടി നൽകുമോ, അതോ വിജയം റൊണാൾഡോയുടെതാകുമോ എന്നാണു ആരാധകർ നോക്കുന്നത്.

Ronaldo Cancel China Tour To Be Fit To Face Inter Miami