കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത് ഞങ്ങൾക്കു നൽകിയ സമാധാനം ചെറുതല്ല, ഐഎസ്എൽ ആരംഭിക്കുമ്പോൾ ആത്മവിശ്വാസം ലഭിക്കുമെന്ന് യുവാൻ പെഡ്രോ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് കലിംഗ സൂപ്പർ കപ്പിൽ നിന്നും ടീമിന്റെ പുറത്താകൽ സമ്മാനിച്ചത്. ഐഎസ്എല്ലിൽ മികച്ച ഫോമിലുള്ള ടീം കിരീടം നേടുമെന്ന പ്രതീക്ഷ നൽകി ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങുകയാണുണ്ടായത്. ജംഷഡ്‌പൂറിനെതിരായ തോൽ‌വിയിൽ തന്നെ ടീം ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.

സൂപ്പർ കപ്പിലെ അവസാനത്തെ മത്സരത്തിലെ തോൽവി ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു. ഐഎസ്എല്ലിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുകയായിരുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ തോൽവി വഴങ്ങിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഏറ്റവും വലിയ തോൽവി കൂടിയാണത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ നേടിയ വിജയം തങ്ങൾക്ക് വലിയ മനസമാധാനം നൽകിയെന്നാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പരിശീലകനായ യുവാൻ പെഡ്രോ പറയുന്നത്. ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നത് വരെയുള്ള ദിവസങ്ങളിൽ സമ്മർദ്ദമില്ലാതെ പരിശീലനം നടത്താനും മറ്റും ആ വിജയം സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ വിജയം സ്വന്തമാക്കിയെങ്കിലും നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. സൂപ്പർ കപ്പിൽ നിന്നും പുറത്തായ അവർ കുറച്ചു ദിവസങ്ങൾ അവധി എടുത്തതിനു ശേഷം പരിശീലനം ആരംഭിക്കാനുള്ള പരിപാടിയാണ്. ഐഎസ്എല്ലിലേക്ക് തിരിച്ചു വരുമ്പോൾ ഈ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ കപ്പിലെ പുറത്താകൽ സമ്മർദ്ദമാണ് നൽകിയിരിക്കുന്നത്. ഐഎസ്എല്ലിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന സമയത്താണ് സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തു പോകുന്നത്. ഐഎസ്എല്ലിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ ടീം മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കുമെന്ന ആശാന്റെ ഉറപ്പ് മാത്രമാണ് ആരാധകർക്ക് പ്രതീക്ഷ.

Win Against Kerala Blasters Give Peace Says NEUFC Coach