
പ്രീ കോണ്ട്രാക്റ്റ് ധാരണയിലെത്തി, മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ബാഴ്സലോണയിലേക്ക്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ ടീമിനെ ശക്തിപ്പെടുത്താനുള്ള സൈനിംഗുകൾക്കായി ഫ്രീ ഏജന്റായ താരങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആന്ദ്രെസ് ക്രിസ്റ്റിൻസെൻ, ഫ്രാങ്ക് കെസീ, മാർക്കോസ് അലോൺസോ, ബെല്ലറിൻ തുടങ്ങിയ താരങ്ങളെല്ലാം ടീമിലെത്തിയത് ഫ്രീ ട്രാൻസ്ഫറിലായിരുന്നു. ഇതിനു പുറമെ ചില താരങ്ങളെ ഫീ നൽകിയും ബാഴ്സലോണ സ്വന്തമാക്കി.
ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയിൽ നിന്നും മോചനം ലഭിച്ചിട്ടില്ലാത്ത ബാഴ്സലോണ ഫ്രീ ഏജന്റായ താരങ്ങളെ ടീമിലെത്തിക്കാൻ തന്നെയാണ് ശ്രമം നടത്തുന്നത്. നിലവിൽ മധ്യനിര താരങ്ങൾക്കായാണ് അവർ കൂടുതൽ ശ്രമം നടത്തുന്നത്. ബുസ്ക്വറ്റ്സ് ടീമിനൊപ്പം തുടരുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പില്ലാത്തതും ഫ്രാങ്ക് കെസി ടീം വിടാൻ സാധ്യതയുള്ളതുമാണ് മധ്യനിരയെ ശക്തിപ്പെടുത്താൻ ബാഴ്സയെ പ്രേരിപ്പിക്കുന്നത്.

ഈ സീസൺ അവസാനിച്ചാൽ ഫ്രീ ഏജന്റാകുന്ന മാഞ്ചസ്റ്റർ സിറ്റി താരം ഇൽകെയ് ഗുൻഡോഗനെ സ്വന്തമാക്കാൻ ബാഴ്സലോണ ധാരണയിൽ എത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിന്റർ ജാലകത്തിൽ താരം ടീമിലെത്തില്ല. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി താരത്തെ ടീമിന്റെ ഭാഗമാക്കാൻ ബാഴ്സലോണ പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന് സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കുയിറ്റോയുടെ ജോസ് അൽവാരസിന്റെ റിപ്പോർട്ടുകൾ പറയുന്നു.
— Transfer News Live (@DeadlineDayLive) January 19, 2023
Ilkay Gundogan will sign for Barcelona this summer on a free transfer!
The German international is out of contract in June at Manchester City.
(Source: @10JoseAlvarez) pic.twitter.com/DCHl2TVlTC
മുപ്പത്തിരണ്ട് വയസായ ഇൽകെയ് ഗുൻഡോഗൻ ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയുടെ പദ്ധതികളിൽ പ്രധാനിയായ താരമാണ്. താരത്തിന് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി ഒരുക്കമാണെങ്കിലും ഏഴു വർഷമായി സിറ്റിയിൽ തുടരുന്ന അദ്ദേഹം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിൽ ഡിക്ലൻ റൈസ്, ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരിൽ ഒരാളെ ടീമിലെത്തിക്കാൻ സിറ്റി ശ്രമം നടത്തുന്നതിനാൽ അവസരങ്ങൾ കുറയുമെന്നതും താരം ബാഴ്സയെ പരിഗണിക്കാനുള്ള കാരണമാണ്.