ലോകകപ്പിൽ അർജന്റീനയുടെ പ്രധാനതാരം മെസിയായിരുന്നില്ലെന്ന് ദേശീയ ടീം ഇതിഹാസം ഹ്യൂഗോ ഗാട്ടി

ദേശീയ ടീമിനായി ലയണൽ മെസി ഏറ്റവും മികച്ച പ്രകടനം നടത്തിയ ടൂർണമെന്റുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ ലയണൽ മെസി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനക്ക് ആത്മവിശ്വാസം നൽകിയത് മെക്‌സിക്കോക്കെതിരെ താരം ബോക്‌സിനു പുറത്തു നിന്നും നേടിയ ഗോളായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ലയണൽ മെസിയല്ലെന്നാണ് ദേശീയ ടീമിന്റെ ഇതിഹാസമായ ഹ്യൂഗോ ഗാട്ടി പറയുന്നത്. നായകനായ മെസിയെക്കാൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണെന്നാണ് അദ്ദേഹം പറയുന്നത്. ടൂർണമെന്റിൽ അർജന്റീന മികച്ച പ്രകടനം നടത്തിയെങ്കിലും ലോകകപ്പ് നഷ്‌ടപ്പെടും എന്ന സന്ദർഭങ്ങളെ ടീം അഭിമുഖീകരിച്ചുവെന്നും ഗാട്ടി പറഞ്ഞു.

“ആരായിരുന്നു ഏറ്റവും മികച്ചതെന്നല്ല, ആരായിരുന്നു ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് ഞാൻ പറയുന്നത്. ലിയോ അത്യാവശ്യമായിരുന്ന ഒരു കളിക്കാരനല്ല. എന്നാൽ ദിബു നിർണായക താരമായിരുന്നു, കാരണം അർജന്റീന പ്രതിസന്ധി ഘട്ടങ്ങളിൽ നിൽക്കുമ്പോൾ താരം അവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അർജന്റീന മികച്ച ടീമായിരുന്നെങ്കിലും ചില സമയത്ത് അവർ ലോകകപ്പ് നഷ്‌ടപെടുത്തിയിട്ടുണ്ട്. അത് സംഭവിച്ചില്ല, പക്ഷെ അത് സംഭവിക്കാമായിരുന്നു.” ഗാട്ടി അഭിപ്രായപ്പെട്ടു.

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിൽ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനം വളരെ നിർണായകമായിരുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. വിജയത്തിന്റെ അടുത്തെത്തി അർജന്റീന വീണു പോയ രണ്ടു മത്സരങ്ങളിൽ ഷൂട്ടൗട്ടിൽ ടീമിനെ രക്ഷിച്ചത് താരമായിരുന്നു. ഫ്രാൻസിനെതിരായ ഫൈനലും ഇതിലുൾപ്പെടുന്നു. ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നീ ടീമുകൾക്കെതിരെ അവസാന നിമിഷത്തിൽ താരം നടത്തിയ സേവുകളും അർജന്റീന ആരാധകർക്ക് മറക്കാൻ കഴിയില്ല.