ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും മികച്ച ആരാധകർ, മഞ്ഞപ്പടക്കും ഇന്ത്യൻ ആരാധകർക്കും പ്രശംസ | India

എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. സിറിയക്കെതിരെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അതിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ. എങ്കിൽ പോലും ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി മുന്നേറാൻ ഇന്ത്യ മികച്ച പ്രകടനം തന്നെ സിറിയക്കെതിരെ നടത്തേണ്ടി വരുമെന്നുറപ്പാണ്.

ഇന്ത്യൻ ടീം ഏഷ്യൻ കപ്പിൽ മോശം അവസ്ഥയിലാണ് നിൽക്കുന്നതെങ്കിലും ഇന്ത്യക്ക് പിന്തുണ നൽകാനെത്തുന്ന ആരാധകർ വലിയ പ്രശംസ പല ഭാഗത്തു നിന്നും ഏറ്റു വാങ്ങുന്നുണ്ട്. ഏഷ്യൻ കപ്പിൽ മത്സരങ്ങൾക്ക് മുൻപും മത്സരങ്ങൾ നടക്കുന്ന സമയത്തും ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്‌ടിക്കുന്ന ആരാധകക്കൂട്ടമാണ് ഇന്ത്യൻ ഫാൻസെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഏഷ്യൻ കപ്പിൽ ഏറ്റവുമധികം ആരാധകർ മത്സരം കാണാനെത്തുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇതിനു മുൻപ് ഖത്തറിൽ ഫിഫ ലോകകപ്പ് നടന്ന സമയത്ത് ഇന്ത്യയിൽ നിന്നുള്ള ആരാധകർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങൾക്ക് പിന്തുണ നൽകി ഇന്ത്യയിൽ നിന്നുള്ള ആരാധകർ എത്തിയത് ഖത്തർ ലോകകപ്പ് വലിയ വിജയമായി മാറാൻ കാരണമാവുകയും ചെയ്‌തു.

ഇപ്പോൾ ഇന്ത്യ കളിക്കുന്ന ടൂർണമെന്റിൽ അതുപോലെയുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള ആരാധകർ നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് മികച്ച പിന്തുണ ലഭിച്ചിരുന്നു. അതിനു പുറമെ സ്റ്റേഡിയത്തിനു വെളിയിലും മികച്ച പ്രവർത്തനങ്ങളും ഓളവുമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആരാധകർ നടത്തുന്നത്.

ഈ പ്രശംസ ഏറ്റുവാങ്ങിയതിൽ അഭിമാനിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട കൂടിയാണ്. മഞ്ഞപ്പടയുടെ ഖത്തർ വിങ് നടത്തുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യക്ക് ഇത്രയും വലിയ പിന്തുണ ലഭിക്കാൻ കാരണം. ടീം എത്തിയത് മുതൽ അവർ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇനി സിറിയക്കെതിരായ നിർണായക മത്സരത്തിലും പിന്തുണ നൽകാൻ എല്ലാവരുമുണ്ടാകും.

India Football Fans Get Praised In Qatar