ഇതാണാവസ്ഥയെങ്കിൽ മറ്റു ടീമുകൾക്ക് കിരീടം നേടാനാവില്ല, ലാ ലിഗ റഫറിമാർക്കെതിരെ വിമർശനവുമായി സാവി | Xavi

റയൽ മാഡ്രിഡും ബാഴ്‌സലോണയും കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. റയൽ മാഡ്രിഡ് അവസാനസ്ഥാനക്കാരായ അൽമേരിയക്കെതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു വന്നു വിജയം സ്വന്തമാക്കിയപ്പോൾ ബാഴ്‌സലോണ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് വിജയം നേടിയത്.

റയൽ മാഡ്രിഡിന്റെ വിജയം വിവാദങ്ങളിൽ മുങ്ങിയതായിരുന്നു. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ വീഡിയോ റഫറിയുടെ ഇടപെടൽ കാരണം മൂന്നു തീരുമാനങ്ങൾ അവർക്ക് അനുകൂലമായി വന്നു. ഇതിൽ രണ്ടു ഗോളുകൾ പിറക്കുകയും അൽമേരിയയുടെ ഒരു ഗോൾ നിഷേധിക്കുകയും ചെയ്‌തത്‌ മത്സരം അവർക്ക് അനുകൂലമാക്കി.

റയൽ ബെറ്റിസിനെതിരായ മത്സരത്തിന് ശേഷം ബാഴ്‌സലോണ പരിശീലകൻ സാവി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. സംഭവത്തിൽ തനിക്ക് തോന്നുന്നത് പറഞ്ഞാൽ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഗെറ്റാഫക്കെതിരായ മത്സരം കഴിഞ്ഞപ്പോൾ തന്നെ എന്തോ ശരിയല്ലെന്ന തോന്നൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഫറിയിങ് കൃത്യമായിരുന്നെങ്കിൽ ഞങ്ങൾ മുന്നിൽ നിൽക്കേണ്ടതായിരുന്നുവെന്നും ഇങ്ങിനെയെങ്കിൽ മറ്റു ടീമുകൾക്ക് ലീഗ് വിജയിക്കുക ബുദ്ധിമുട്ടാണെന്നും സാവി പറഞ്ഞു.

ഗെറ്റാഫക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് താരമായ ജോസേലു നേടിയ ഗോളാണ് വിവാദമായത്. അത് ഓഫ്‌സൈഡ് ആണെന്ന് വ്യക്തമായിട്ടും വീഡിയോ അസിസ്റ്റന്റ് റഫറി അതിനെതിരെ കണ്ണടച്ചു. മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്‌തു. അവർ തന്നെയാണ് കഴിഞ്ഞ ദിവസം മൂന്നു തീരുമാനങ്ങൾ റയൽ മാഡ്രിഡിന് അനുകൂലമായി എടുത്തത്.

റയൽ മാഡ്രിഡിനെ റഫറിമാർ സംരക്ഷിക്കുന്നുണ്ടെന്ന വാദം ഇന്നും ഇന്നലെയും ഉയർന്നു വരാൻ തുടങ്ങിയ ഒന്നല്ല. ചില ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ തന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത് റഫറിമാരുടെ തെറ്റായ തീരുമാനങ്ങളുടെ കൂടി ഭാഗമായാണ്. അതേസമയം റയൽ മാഡ്രിഡിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്ന അതെ സാഹചര്യങ്ങൾ മറ്റു ടീമുകൾക്കുണ്ടായാൽ അവിടെ വാർ സമാനമായ രീതിയിൽ പ്രവർത്തിക്കണം എന്നില്ല.

Xavi On VAR Controversy In Real Madrid Match