ലാ ലിഗയിൽ ഈ സീസണിലിതാദ്യം, റയൽ മാഡ്രിഡിന്റെ വിജയം റഫറിമാർ നൽകിയതാണെന്ന് വിവാദം | Real Madrid

സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഗംഭീര വിവാദത്തിലാണ് അവസാനിച്ചത്. റയൽ മാഡ്രിഡും അൽമേരിയയും തമ്മിൽ റയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും അതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് അവർ വിജയം സ്വന്തമാക്കി. ഇതിനെത്തുടർന്നാണ് വിവാദം ഉയർന്നിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മൂന്നു തവണയാണ് വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ടത്. ഈ മൂന്നു തവണയും റഫറിയുടെ തീരുമാനങ്ങൾ റയൽ മാഡ്രിഡിന് അനുകൂലമായിരുന്നു. ഇതിലൂടെ റയൽ മാഡ്രിഡിന് രണ്ടു ഗോളുകൾ നേടാൻ കഴിഞ്ഞതിനു പുറമെ അൽമേരിയ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്‌തു. ഈ സീസണിൽ ആദ്യമാണ് വാർ ഇടപെടൽ കാരണം റഫറി തന്റെ തീരുമാനങ്ങൾ മാറ്റിയത് മൂന്നു തവണ ഒരേ ടീമിന് ഗുണമായി വരുന്നത്.

ജൂഡ് ബെല്ലിങ്ങ്ഹാം എടുത്ത പെനാൽറ്റി അനുവദിക്കൽ അതിനു പിന്നാലെ സെർജിയോ അരിബാസ് നേടിയ ഗോൾ നിഷേധിക്കൽ അതിനു ശേഷം വിനീഷ്യസ് ജൂനിയർ നേടിയ ഗോൾ അനുവദിക്കൽ എന്നിവയാണ് വാർ ഇടപെടൽ ഉണ്ടായ സംഭവങ്ങൾ. ഇതിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോൾ ആദ്യം വാർ തന്നെ നിഷേധിച്ചെങ്കിലും പിന്നീട് മെയിൻ റഫറി നേരിട്ടു പോയി സ്‌ക്രീൻ നോക്കി അനുവദിക്കുകയായിരുന്നു.

മത്സരത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് എല്ലാവരും നടത്തുന്നത്. കൃത്യമായ കൊള്ളയാണ് നടന്നതെന്ന് അൽമേരിയ മിഡ്‌ഫീൽഡർ ഗോൺസാലോ മൊറേനോ പ്രതികരിച്ചു. അൽമേരിയ ക്ലബ് പ്രതിഷേധസൂചന നൽകി മത്സരഫലം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിച്ചില്ല. താൻ പ്രതികരിച്ചാൽ തന്നെ ശിക്ഷിക്കും എന്നതിനാലാണ് ഒന്നും മിണ്ടാത്തതെന്ന് അൽമേരിയ പരിശീലകനും പറഞ്ഞു.

റയൽ മാഡ്രിഡിന്റെ വിജയത്തിൽ പല അഭിപ്രായങ്ങളും ഉണ്ടാകുമെങ്കിലും ഒരു സംശയാസ്പദമായ സാഹചര്യത്തിൽ തന്നെയാണ് മത്സരം പൂർത്തിയായത്. റയൽ മാഡ്രിഡും റഫറിമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ ഉണ്ടായിട്ടുള്ളതാണ്. അതിനു പുറമെ സ്വന്തം മൈതാനത്ത് ലീഗിൽ അവസാനസ്ഥാനത്തു കിടക്കുന്ന ഒരു ടീമിനെതിരെ തോൽക്കുന്നത് റയൽ മാഡ്രിഡിന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യവുമല്ല.

VAR Controversy In Real Madrid Win Over Almeria