ടോപ് സ്‌കോറർ ട്രോഫി എനിക്ക് മാത്രം അവകാശപ്പെട്ടതാണ്, ബാലൺ ഡി ഓർ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് റൊണാൾഡോ | Ronaldo

കഴിഞ്ഞ ദിവസം ഗ്ലോബ് സോക്കർ അവാർഡ്‌സിൽ മൂന്നു പുരസ്‌കാരങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വീണ്ടും ഒളിയമ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗോൾവേട്ടക്കാരൻ എന്ന പുരസ്‌കാരമടക്കം മൂന്നു അവാർഡുകൾ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ അവാർഡുകളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നാണ് വിലയിരുത്തിയത്.

“ഒരു തരത്തിൽ നോക്കുമ്പോൾ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ പുരസ്‌കാരങ്ങൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. ലയണൽ മെസിയോ ഹാലാൻഡോ എംബാപ്പയോ ആ പുരസ്‌കാരം അർഹിക്കുന്നില്ലെന്നല്ല ഞാൻ പറയുന്നതിന്റെ അർത്ഥം. ഞാൻ ഇതുപോലെയുള്ള അവാർഡുകളിൽ ഇപ്പോൾ വിശ്വസിക്കുന്നില്ല. അത് ഗ്ലോബ് സോക്കർ അവാർഡ് വാങ്ങിയതു കൊണ്ടല്ല.”

“പക്ഷെ അതൊരു കാര്യമാണ്, അത് കണക്കുകളാണ്. കണക്കുകൾ ഒരിക്കലും അപ്രത്യക്ഷമാക്കി വെക്കാൻ കഴിയില്ല. ഒരു വർഷത്തെ ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം എനിക്ക് പകരം മറ്റൊരാൾക്ക് നൽകാൻ അവർക്കൊരിക്കലും കഴിയില്ല, കാരണം അതൊരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ ഞാൻ വളരെ സന്തോഷവാനാണ്.” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

പുരസ്‌കാരങ്ങൾ നൽകുമ്പോൾ ഒരു സീസൺ മുഴുവൻ കണക്കിലെടുക്കണമെന്നും റൊണാൾഡോ പറഞ്ഞു. ലയണൽ മെസിയാണ് കഴിഞ്ഞ ബാലൺ ഡി ഓർ പുരസ്‌കാരവും ഫിഫ ബെസ്റ്റ് അവാർഡ്‌സും നേടിയത്. അതുകൊണ്ടു തന്നെ റൊണാൾഡോയുടെ വാക്കുകൾ അർജന്റീന താരത്തിന്റെ നേട്ടങ്ങളെ ഉന്നം വെച്ചല്ലെന്നു കരുതാൻ നിർവാഹമില്ല.

എന്തായാലും ലോകഫുട്ബാളിൽ തന്റെ ആധിപത്യം സ്ഥാപിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പറഞ്ഞു കേൾക്കുന്നത് റൊണാൾഡോയുടെ പേര് തന്നെയാണ്. അങ്ങിനെ എല്ലാ തരത്തിലും നിറഞ്ഞു നിൽക്കാൻ ഇത്തരം പ്രതികരണങ്ങൾ കൊണ്ട് റൊണാൾഡോക്ക് കഴിയുന്നുണ്ട്.

Ronaldo Says Ballon Dor Lost Credibility