പെപ്പെ ബാർബർഷോപ്പിനെ കുറ്റം പറയുന്നത് പോലെ, റൊണാൾഡോയെ രൂക്ഷമായി പരിഹസിച്ച് പരഡെസ് | Leandro Paredes

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്‌താവന വളരെയധികം ചർച്ചയായ ഒന്നായിരുന്നു. ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്‌ടമായെന്നും അതുപോലെയുള്ള പുരസ്‌കാരനേട്ടങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്. നേരെമറിച്ച് ഗോളുകൾ കൂടുതൽ നേടുന്നവർക്കുള്ള പുരസ്‌കാരം കൂടുതൽ വിലയേറിയതാണെന്നും താരം പറഞ്ഞു.

റൊണാൾഡോയുടെ വാക്കുകൾക്ക് പല രീതിയിലുള്ള പ്രതികരണം പല ഭാഗത്തു നിന്നും വരികയുണ്ടായി. ലയണൽ മെസി ലോകകപ്പ് നേടിയതോടെ റൊണാൾഡോയെക്കാൾ മികച്ച താരമാണ് മെസിയെന്നു ലോകം മുഴുവൻ അംഗീകരിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല. റൊണാൾഡോയുടെ വാക്കുകൾ അതിന്റെ നിരാശയിൽ നിന്നാണെന്ന് പലരും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം റൊണാൾഡോ പറഞ്ഞതിന് രസകരമായ ഒരു മറുപടി അർജന്റീന താരമായ ലിയാൻഡ്രോ പരഡെസ് നൽകുകയുണ്ടായി. ഇത്തരം അവാർഡുകൾ ഔട്ട്ഡേറ്റഡ് ആയെന്നു റൊണാൾഡോ പറയുന്നത് ബാർബർഷോപ്പുകൾ ഔട്ട്ഡേറ്റഡ് ആയെന്നു പെപ്പെ പറയുന്നത് പോലെയാണെന്നാണ് പരഡെസ് പറയുന്നത്. ഒരുപാട് വർഷങ്ങളായി അവിടേക്കെത്താൻ കഴിയാത്തതാണ് റൊണാൾഡോയുടെ പ്രശ്‌നമെന്നും താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ ഗ്ലോബ് സോക്കർ അവാർഡ്‌സിൽ വെച്ചാണ് റൊണാൾഡോ ഈ പ്രതികരണം നടത്തിയത്. ആ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ ടോപ് സ്‌കോറർ അവാർഡ് അടക്കം മൂന്നു പുരസ്‌കാരങ്ങൾ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ടോപ് സ്‌കോറർ എന്ന നേട്ടത്തിനു മറ്റൊരാളും അവകാശിയായി വരില്ലെന്നും അതുകൊണ്ടു തന്നെ തനിക്ക് കൂടുതൽ സന്തോഷമുണ്ടെന്നും റൊണാൾഡോ പറഞ്ഞിരുന്നു.

അതേസമയം റൊണാൾഡോയുടെ വാക്കുകൾ നിരാശയിൽ നിന്നും ഉണ്ടാകുന്നതാണ് എന്നു തന്നെയാണ് കരുതേണ്ടത്. യൂറോപ്പ് വിട്ടു സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് ഇനി ഈ പുരസ്‌കാരങ്ങൾ നേടാനുള്ള സാധ്യത വളരെ കുറവാണ്. മെസിയാണെങ്കിൽ റൊണാൾഡോക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലേക്ക് വളരുകയും ചെയ്‌തിരിക്കുന്നു.

Leandro Paredes On Ronaldo Comments About Awards