മെസിക്ക് ഒളിമ്പിക് ഗോൾ നഷ്‌ടമായതു തലനാരിഴക്ക്, സുവാരസിന് നൽകിയ പാസ് അതിമനോഹരം | Lionel Messi

ലയണൽ മെസി വീണ്ടും കളത്തിലിറങ്ങുന്നതിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും കഴിഞ്ഞ രണ്ടു സൗഹൃദമത്സരങ്ങളിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. ആദ്യത്തെ മത്സരത്തിൽ ഗോളുകളൊന്നും നേടാതെ സമനിലയിൽ പിരിഞ്ഞ ഇന്റർ മിയാമി അൽപ്പസമയം മുൻപ് സമാപിച്ച രണ്ടാമത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയും വഴങ്ങി.

ലയണൽ മെസി, ലൂയിസ് സുവാരസ്, ജോർഡി ആൽബ, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങൾ അണിനിരന്ന ടീമാണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനം നടത്തിയെന്നതിൽ സംശയമില്ല. അറുപത്തിനാല് മിനുട്ടോളം കളിച്ച താരം മത്സരത്തിനിടയിൽ ഒരു കോർണറിൽ നിന്നും ഗോൾ നേടുന്നതിന്റെ തൊട്ടടുത്ത് വന്നെങ്കിലും ഗോൾകീപ്പർ അവിശ്വസനീയമായ രീതിയിൽ അത് നഷ്‌ടപ്പെടുത്തി.

ലൂയിസ് സുവാരസിന് ലയണൽ മെസി നൽകിയ പാസും മത്സരത്തിലെ ഒരു പ്രധാനപ്പെട്ട .നിമിഷമായിരുന്നു. ഏതാണ്ട് മുപ്പതുവാരയിലധികം ദൂരെ നിന്നാണ് ലയണൽ മെസി സുവാരസിനെ കണ്ടെത്തിയത്. ബോക്‌സിലേക്ക് ഓടിക്കയറിയ സുവാറസിലേക്ക് പന്ത് കൃത്യമായി എത്തിയെങ്കിലും ലയണൽ മെസി നൽകിയ അവസരം മുതലെടുക്കാൻ താരത്തിന് കഴിഞ്ഞില്ല.

മത്സരത്തിൽ സുവാരസ് നിരവധി അവസരങ്ങൾ തുലച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രതിരോധത്തിന്റെ പ്രശ്‌നങ്ങൾ ഇന്റർ മിയാമിയെ പല മത്സരങ്ങളിലും ബാധിച്ചത് ഈ സീസണിലും ബാധിക്കാനുള്ള സാധ്യതയുണ്ട്. ടീം കുറച്ചുകൂടി കരുത്തുറ്റതാക്കേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ഈ മത്സരങ്ങൾ നൽകുന്നു. അതല്ലെങ്കിൽ ഈ സീസണിലും ടീമിന് കുതിപ്പുണ്ടാക്കാൻ കഴിഞ്ഞേക്കില്ല.

Lionel Messi Performance Against FC Dallas