അർജന്റീന കേരളത്തിൽ കളിച്ചാൽ വലിയൊരു ഗുണമുണ്ട്, ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് പറയുന്നതിങ്ങനെ | Igor Stimac

ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന വാർത്ത വന്നത് മുതൽ ആരാധകർ വളരെയധികം ആവേശത്തിലാണ്. കേരളത്തിന്റെ കായികമന്ത്രിയായ വി അബ്‌ദുറഹ്‌മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബർ മാസത്തിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്നും രണ്ടു മത്സരങ്ങൾ ഇവിടെ കളിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് അർജന്റീന ടീം കേരളത്തിലേക്ക് കളിക്കാൻ വരുമെന്ന വാർത്തകളിൽ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ആരാധകരുള്ള കേരളത്തിൽ അർജന്റീന ടീം കളിക്കാനെത്തുന്നത് വലിയ രീതിയിലുള്ള ഗുണം ഇന്ത്യൻ ഫുട്ബോളിന് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രധാനപ്പെട്ട ഗുണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കേരളത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരുമെന്നത് തന്നെയാണ്. അങ്ങിനെയൊരു സ്റ്റേഡിയം വന്നാൽ അതിന്റെ ഗുണം ഇന്ത്യൻ ഫുട്ബോളിനും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ആ സ്റ്റേഡിയത്തിൽ വെച്ചു നടത്തുമ്പോൾ വലിയ രീതിയിലുള്ള ആരാധകപിന്തുണ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

കേരളത്തിൽ പുതിയൊരു സ്റ്റേഡിയം ഉണ്ടാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. മലപ്പുറത്ത് വരാനൊരുങ്ങുന്ന ഈ സ്റ്റേഡിയത്തിൽ വെച്ച് അർജന്റീനയുടെ മത്സരം നടത്താനുള്ള പദ്ധതിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചാൽ അതിനു പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരങ്ങളും കേരളത്തിലേക്ക് അടിക്കടി വരുമെന്നുറപ്പാണ്.

Igor Stimac On Argentina Playing In Kerala