ബാലൺ ഡി ഓറിൽ വമ്പൻ മാറ്റം, വോട്ടിങ് കമ്മിറ്റിക്ക് മുന്നറിയിപ്പുമായി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ് | Ballon Dor
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ആരാണ് നേടുകയെന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയ ലയണൽ മെസി, ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേടിയ ഹാലാൻഡ്, ട്രെബിളും നേഷൻസ് ലീഗും നേടിയ റോഡ്രി എന്നിവരെല്ലാം ഇതിനായി പരിഗണിക്കപ്പെടുന്നു.
അതിനിടയിൽ ബാലൺ ഡി ഓർ പുരസ്കാരവുമായി ബന്ധപ്പെട്ടു നിർണായകമായൊരു വെളിപ്പെടുത്തൽ അത് നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിരീടനേട്ടങ്ങൾ ബാലൺ ഡി ഓർ പുരസ്കാരത്തിന് പരിഗണിച്ചിരുന്ന ഒന്നായിരുന്നു. എന്നാൽ വ്യക്തിഗത പ്രകടനങ്ങൾക്കാണ് ഇക്കാര്യത്തിൽ ഊന്നൽ കൊടുക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.
🚨🚨🗣️ Vincent Garcia (Editor-in-Chief of France Football): “Individual performances are a decisive factor & the first criterion. We will remind the voting committee of this before voting for the Ballon D'Or begins.” 🌕✨ pic.twitter.com/LVY0h6p0tu
— Managing Barça (@ManagingBarca) June 22, 2023
“വ്യക്തിഗത പ്രകടനങ്ങളാണ് ഇക്കാര്യത്തിൽ നിർണായകമായ ഘടകങ്ങളും ആദ്യമായി പരിഗണിക്കേണ്ടതും. ബാലൺ ഡി ഓറിനായി വോട്ടുകൾ നൽകുന്നതിനു മുൻപ് തന്നെ ഇക്കാര്യങ്ങൾ വോട്ടിങ് കമ്മിറ്റിയെ ഞങ്ങൾ ഓർമപ്പെടുത്തും.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫായ വിൻസന്റ് ഗാർസിയ പറഞ്ഞു. ഇത് ഏതു പൊസിഷനിൽ കളിക്കുന്ന താരങ്ങൾക്കും സാധ്യത നൽകുന്നു.
വ്യക്തിഗത പ്രകടനങ്ങളുടെ കണക്കെടുത്താലും വരുന്ന ബാലൺ ഡി ഓർ പുരസ്കാരം ലയണൽ മെസി നേടാൻ തന്നെയാണ് സാധ്യത. അർജന്റീനക്ക് വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും ഗംഭീര പ്രകടനമാണ് മെസി ഇതുവരെ നടത്തിയിട്ടുള്ളത്. രണ്ടു ടീമിനൊപ്പവും കിരീടങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞതിനാൽ മറ്റുള്ള താരങ്ങളെക്കാൾ മുൻതൂക്കം മെസിക്ക് തന്നെയായിരിക്കും.
Individual Performance Decisive For Ballon Dor