“നീ ബാഴ്‌സയിലേക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം”- പിഎസ്‌ജി വിടും മുൻപ് എംബാപ്പെയോട് മെസി പറഞ്ഞ വാക്കുകൾ | Messi

കരാർ പുതുക്കാനുള്ള ഓഫർ പിഎസ്‌ജി നൽകിയിട്ടും അത് നിരസിക്കുകയാണ് ലയണൽ മെസി ചെയ്‌തത്‌. ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിച്ചതെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം അത് നടന്നില്ല. തന്നെ സ്വന്തമാക്കണമെങ്കിൽ മറ്റു താരങ്ങളെ വിൽക്കണം എന്ന അവസ്ഥ വന്നപ്പോൾ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം വേണ്ടെന്നു വെച്ച് ഇന്റർ മിയാമിയിലേക്കാണ് മെസി പോയത്.

പിഎസ്‌ജി കരാർ ഈ മാസത്തോടെ അവസാനിക്കുന്ന ലയണൽ മെസി അതിനു ശേഷം ക്ലബുമായുള്ള കരാർ പുതുക്കും. അതേസമയം ലയണൽ മെസി പിഎസ്‌ജി വിടുന്നതിനു മുൻപ് എംബാപ്പെക്ക് വലിയൊരു ഉപദേശം നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിജയം ഉറപ്പു നൽകുന്ന ഒരു പ്രൊജക്റ്റിന്റെ ഭാഗമാകാൻ എംബാപ്പെക്ക് ഉപദേശം നൽകിയ മെസി ബാഴ്‌സയിലേക്ക് ചേക്കേറാനും ആവശ്യപ്പെട്ടു.

“നീ ബാഴ്‌സലോണയിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ നിനക്ക് റയൽ മാഡ്രിഡിലേക്കു പോകാനാണ് ആഗ്രഹമെങ്കിൽ അതു തന്നെ ചെയ്യൂ. പക്ഷെ നീയൊരു യഥാർത്ഥ പ്രോജക്റ്റ് അർഹിക്കുന്നു, വിജയങ്ങൾ നേടാൻ കഴിയുന്ന പ്രോജക്റ്റ്.” ലയണൽ മെസി എംബാപ്പയോട് പറഞ്ഞത് സ്‌പാനിഷ്‌ മാധ്യമമായ ഡിഫെൻസ സെൻട്രൽ റിപ്പോർട്ടു ചെയ്‌തു.

ലയണൽ മെസിക്ക് പിന്നാലെ എംബാപ്പെ പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചിരുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാനില്ലെന്നാണ് താരം അറിയിച്ചത്. പിഎസ്‌ജിയുടെ ദിശാബോധമില്ലാത്ത പ്രൊജക്റ്റിൽ താൽപര്യം ഇല്ലാത്തതും മെസിയുടെ വാക്കുകളും എംബാപ്പയെ സ്വാധീനിച്ചു എന്നു കരുതാവുന്നതാണ്.

Messi Told Mbappe To Join Barcelona