ആൻസലോട്ടി ക്ലബ് വിട്ടാൽ പകരക്കാരനാര്, തീരുമാനമെടുത്ത് റയൽ മാഡ്രിഡ് | Real Madrid

റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ മികച്ച നേട്ടങ്ങളാണ് കാർലോ ആൻസലോട്ടി ക്ലബിനു സ്വന്തമാക്കി നൽകിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലീഗും ക്ലബിന് നേടിക്കൊടുത്ത അദ്ദേഹത്തിനു കീഴിൽ ഈ സീസണിൽ റയൽ മാഡ്രിഡ് അത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും കോപ്പ ഡെൽ റേ കിരീടം നേടി. അതിനു പുറമെ ചാമ്പ്യൻസ് ലീഗ് സെമിയിലേക്കും അദ്ദേഹം ടീമിനെ നയിച്ചു.

സീസൺ അവസാനിക്കുന്നതോടെ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് വിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ക്ലബിൽ തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരു സീസൺ കൂടി റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം അത് അവസാനിച്ചാൽ ബ്രസീൽ ടീമിന്റെ പരിശീലകനായി എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ദി ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ആൻസലോട്ടി റയൽ മാഡ്രിഡ് വിട്ടാൽ പകരക്കാരനായി ആരു വേണമെന്ന കാര്യത്തിൽ ക്ലബ് തീരുമാനം എടുത്തിട്ടുണ്ട്. മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനുമായ സാബി അലോൻസോയെ ആൻസലോട്ടി പകരക്കാരനായി എത്തിക്കാനാണ് റയൽ മാഡ്രിഡ് പ്രസിഡന്റായ പെരസ് തീരുമാനിച്ചിരിക്കുന്നത്.

2009ൽ ലിവർപൂളിൽ നിന്നും റയൽ മാഡ്രിഡിലെത്തിയ അലോൺസോ ക്ലബിനായി 236 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരിയർ അവസാനിപ്പിച്ചതിനു ശേഷം കോച്ചിങ്ങിലേക്ക് തിരിഞ്ഞ താരം റയൽ മാഡ്രിഡ് യൂത്ത് ടീം പരിശീലകനായിരുന്നു. ഈ സീസണിനിടയിൽ ബയേർ ലെവർകൂസനിൽ എത്തിയ അലോൻസോക്ക് ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നു.

Real Madrid Find Ancelotti Replacement