നെയ്‌മറുടെ ലോകറെക്കോർഡ് ട്രാൻസ്‌ഫർ ഇനി പഴങ്കഥ, എംബാപ്പെ പിഎസ്‌ജി വിടാൻ തയ്യാറെടുക്കുന്നു | Mbappe

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ റെക്കോർഡ് ബ്രസീലിയൻ താരമായ നെയ്‌മർ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതാണ്. 2017ൽ 222 മില്യൺ യൂറോയെന്ന റിലീസിംഗ് ക്ലോസ് നൽകിയാണ് പിഎസ്‌ജി ബ്രസീലിയൻ താരത്തെ റാഞ്ചിയത്. ആറു വർഷമായിട്ടും ആ ട്രാൻസ്‌ഫർ റെക്കോർഡ് ഭേദിക്കാൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല.

എന്നാൽ ഈ സമ്മറിൽ ആ ട്രാൻസ്‌ഫർ റെക്കോർഡ് ഇല്ലാതാകുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌ജി താരമായ എംബാപ്പെ സമ്മറിൽ ക്ലബ് വിടുന്നതോടെ ഈ റെക്കോർഡ് ഭേദിക്കപ്പെടുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിനുള്ളിൽ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരത്തെ റയൽ മാഡ്രിഡ് തന്നെയാണ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 250 മില്യൺ യൂറോയാണ് എംബാപ്പെക്കായി റയൽ മാഡ്രിഡ് മുടക്കാനായി ഒരുങ്ങുന്നത്. ഇതിൽ ഇരുനൂറു മില്യൺ യൂറോ ആദ്യം തന്നെ അവർ നൽകും. അമ്പതു മില്യൺ യൂറോ ബോണസുകൾ ഉൾപ്പെടുന്നതാണ്. പിഎസ്‌ജിക്ക് എംബാപ്പയെ റയൽ മാഡ്രിഡിന് നൽകാൻ ആഗ്രഹമില്ലെങ്കിലും ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ വിൽക്കുകയല്ലാതെ അവർക്ക് വേറെ വഴിയില്ല.

എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിനു ആഗ്രഹമുണ്ടെന്നത് വ്യക്തമാണ്. എന്നാൽ ഈ സമ്മറിൽ ഇനി സൈനിങ്‌ ഉണ്ടാകില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ ഈ അഭ്യൂഹങ്ങൾ സത്യമാകുമോ എന്ന് കണ്ടറിയേണ്ടതാണ്. എന്തായാലും എംബാപ്പെ റയൽ മാഡ്രിഡിലേക്ക് വന്നാൽ കരിം ബെൻസിമയുടെ അഭാവം ഇല്ലാതാക്കാമെന്ന കാര്യത്തിൽ സംശയമില്ല.

Mbappe To Join Real Madrid in 250 Million Deal