ഇന്ത്യൻ ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിനു മാത്രം സ്വന്തമായ നേട്ടം, ടീമിനായി ആർത്തിരമ്പുന്ന ആരാധകർക്ക് നന്ദി പറയാം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം വളരെ പ്രശസ്‌തമായ ഒന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും സംഘടിതമായതുമായ ആരാധകക്കൂട്ടമായാണ് അവർ അറിയപ്പെടുന്നത്. ജയത്തിലും തോൽവിയിലും ടീമിനൊപ്പം അടിയുറച്ചു നിൽക്കാൻ അവർ ശ്രമിക്കുന്നു. ഒരു കിരീടം പോലും ഇതുവരെ സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞില്ലെങ്കിൽ പോലും ടീമിനായി ആർപ്പു വിളിക്കാൻ പതിനായിരങ്ങൾ മൈതാനത്തെത്തുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ടീമിന് നൽകുന്ന പിന്തുണ മറ്റൊരു നേട്ടം കൂടി ക്ലബിന് സ്വന്തമാക്കി നൽകിയിരിക്കുകയാണ്. പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ സിഐഇഎസ് ഫുട്ബോൾ ഒബ്‌സർവേറ്ററി കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകൾ പ്രകാരം ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന ഇന്ത്യൻ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് എന്നിവയിലെല്ലാം കൂടി ഏതാണ്ട് 6.7 മില്യൺ ആളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിനെ പിന്തുടരുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ലോകറാങ്കിങ്ങിൽ ആദ്യ നൂറു സ്ഥാനങ്ങളിലുണ്ട്. എഴുപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നിൽക്കുന്നത്. ഇന്ത്യയിലെ മറ്റൊരു ക്ലബും ആദ്യ നൂറു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടില്ല.

ഈ നേട്ടത്തിന്റെ സന്തോഷം കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെയുള്ള നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും ടീമിന്റെ കിരീടാവരൾച്ച തുടരുന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. അടുത്ത സീസണിലെങ്കിലും അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങളും ക്ലബ് നടത്തുന്നില്ല. അടുത്ത സീസൺ ലക്ഷ്യമിട്ട് ഒന്നോ രണ്ടോ സൈനിംഗുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുള്ളത്.

Kerala Blasters Most Followed Indian Football Club