അർജന്റീന ടീമിലെ ഏറ്റവും മികച്ച താരം, ബാഴ്‌സയോട് സ്വന്തമാക്കാൻ ആവശ്യപ്പെട്ട് മെസി | Barcelona

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ലയണൽ മെസിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ട്രാൻസ്‌ഫർ സംഭവിച്ചില്ല. മെസിയെ ടീമിലെത്തിക്കണമെങ്കിൽ നിലവിലുള്ള താരങ്ങളിൽ ചിലരെ വിൽക്കണം എന്നതിനാൽ മെസി തന്നെ അതിൽ നിന്നും പിന്മാറുകയായിരുന്നു. ഒടുവിൽ യൂറോപ്യൻ ഫുട്ബോളിൽ നിന്ന് തന്നെ വിടപറഞ്ഞ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.

ബാഴ്‌സലോണയിൽ ചേക്കേറുന്നില്ലെന്ന തീരുമാനം എടുത്ത മെസി ഏതാനും വർഷങ്ങൾക്ക് മുൻപ് ക്ലബിനോട് അർജന്റീന ടീമിലെ തന്റെയൊരു സഹതാരത്തെ സ്വന്തമാക്കാൻ നിർദ്ദേശം നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പരിശീലകൻ സാവിയോട് അർജന്റീന മധ്യനിരയിൽ കളിക്കുന്ന ടോട്ടനം ഹോസ്‌പർ താരമായ ജിയോവാനി ലോ സെൽസോയെ സ്വന്തമാക്കാനുള്ള നിർദ്ദേശമാണ് മെസി നൽകിയത്. അർജന്റീന ടീമിലെ ഏറ്റവും മികച്ച താരമെന്നാണ് മെസി സാവിയോട് പറഞ്ഞത്.

വിയ്യാറയലിൽ ലോണിൽ കളിക്കുന്ന താരമാണ് ജിയോവാനി ലോ സെൽസോ. പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയാതെ പോയ താരം സ്പെയിനിലും അർജന്റീന ടീമിലും മികച്ച പ്രകടനമാണ് നടത്തുന്നത്. 2025 വരെ കരാറുള്ള താരത്തെ സാവിക്കും വളരെ ഇഷ്‌ടമാണ്. എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങളും ഉയർന്ന ട്രാൻസ്‌ഫർ ഫീസും താരത്തെ ടീമിലെത്തിക്കുന്നതിൽ ബാഴ്‌സലോണക്ക് തടസമായി നിൽക്കുന്നു.

മികച്ച പ്രതിഭയും ഒന്നിലധികം പൊസിഷനിൽ കളിക്കാനുള്ള കഴിവുമുള്ള ലോ സെൽസോ ബാഴ്‌സലോണ ടീമിന് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പിന് തൊട്ടു മുൻപ് പരിക്ക് പറ്റിയതിനാൽ ടൂർണമെന്റ് കളിക്കാൻ കഴിയാതിരുന്ന താരം കൂടിയാണ് ലോ സെൽസോ. ഇരുപത്തിയേഴു വയസുള്ള താരത്തിന് ഇനിയും നിരവധി വർഷങ്ങൾ മികച്ച ഫോമിൽ തുടരാൻ കഴിയുമെന്നത് ബാഴ്‌സയെ കൂടുതൽ ആകർഷിക്കുന്ന കാര്യമാണ്.

Messi Suggested Barcelona To Sign Lo Celso