മെസിയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്, ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മിയാമി | Inter Miami

ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം വിശ്രമത്തിലായിരുന്ന ലയണൽ മെസിയുടെ തിരിച്ചുവരവിൽ വിജയം സ്വന്തമാക്കി ഇന്റർ മിയാമി. ഇന്ന് രാവിലെ വെയ്ൻ റൂണി മുൻപ് പരിശീലകനായിരുന്ന ഡിസി യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. തൊണ്ണൂറു മിനുട്ടും രണ്ടു ടീമുകളും ഗോൾ നേടാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടിലാണ് ഇന്റർ മിയാമി വിജയഗോൾ നേടിയത്.

ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നു മത്സരമെന്ന് പറയാൻ കഴിയില്ല. ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉള്ളതിനാലും കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത് വരുന്നതിനാലും കരുതലോടെയാണ് താരം കളിച്ചത്. എന്നാൽ ലയണൽ മെസി കളത്തിലുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ മാജിക്ക് ഉണ്ടാകുമെന്ന് വീണ്ടും തെളിയിച്ച മത്സരം കൂടിയായിരുന്നു ഇന്റർ മിയാമിയുടേത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ നേടിയത് ലിയനാർഡോ കാമ്പാനയും അതിനു വഴിയൊരുക്കിയത് ബുസ്‌ക്വറ്റ്‌സുമാണ്. എന്നാൽ ആ ഗോളിൽ ലയണൽ മെസിക്കും നിർണായകമായ പങ്കുണ്ടെന്നതിൽ സംശയമില്ല. സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ കാലിൽ പന്തെത്തിയപ്പോൾ അത് താരം എപ്പോൾ പാസ് ചെയ്യുമെന്ന് കൃത്യമായി അറിയാവുന്ന മെസി കാമ്പാനയോട് റൺ ചെയ്യാൻ പറയുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

മത്സരത്തിലുടനീളം മെസിക്കെതിരെ കടുത്ത പ്രതിരോധമാണ് ഡിസി യുണൈറ്റഡ് പുറത്തെടുത്തത്. അതിനെ പലപ്പോഴും ലയണൽ മെസി തന്റെ ഡ്രിബ്ലിങ് കൊണ്ട് പൊളിക്കുകയും ചെയ്‌തിരുന്നു. താൻ റൺ ചെയ്‌താൽ അത് തടുക്കാൻ പ്രതിരോധതാരങ്ങൾ തക്കം പാർത്തിരിക്കുകയാണെന്ന് അറിയുന്നതു കൊണ്ട് തന്നെയാണ് കാമ്പാനയോട് റൺ നടത്താൻ മെസി ആവശ്യപ്പെട്ടതെന്നും വ്യക്തമാണ്.

ആ നീക്കം വിജയഗോളായി മാറുകയും ചെയ്‌തു. അതിനു പുറമെ മെസിയും ബുസ്‌ക്വറ്റ്‌സും ചേർന്ന് നടത്തിയ ടിക്കി ടാക്ക നീക്കങ്ങളും മനോഹരമായിരുന്നു. മത്സരത്തിൽ വിജയം നേടിയതോടെ 15 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി ഇന്റർ മിയാമി ഒന്നാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്നും 30 പോയിന്റുള്ള സിൻസിനാറ്റിയാണ് ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തുന്ന പ്രധാന ടീം.

Inter Miami Won Against DC United