തോൽവിയുടെ വക്കിൽ നിന്നും ഇന്റർ മിയാമിയുടെ അവിശ്വസനീയ തിരിച്ചുവരവ്, എട്ടു ഗോളുകൾ പിറന്ന ത്രില്ലർ മാച്ച്

ലയണൽ മെസി എത്തിയതിനു ശേഷം തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് കാത്തു സൂക്ഷിച്ച് ഇന്റർ മിയാമി. ഇന്ന് നടന്ന മത്സരത്തിൽ എൺപതാം മിനുട്ട് വരെയും പിന്നിലായിരുന്നു ഇന്റർ മിയാമിയെ ഒരിക്കൽ കൂടി രക്ഷിച്ചത് ലയണൽ മെസിയുടെ പ്രകടനം തന്നെയാണ്. മെസി രണ്ടു ഗോൾ നേടുകയും നാല് ഗോളുകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്‌ത മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമി വിജയം നേടിയത്.

ലയണൽ മെസിയുടെ ആറാം മിനുട്ടിൽ ഇന്റർ മിയാമിയാണ് മുന്നിലെത്തിയത്. ആൽബയുടെ പാസിൽ നിന്നും ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെയാണ് മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഡള്ളാസ് ആദ്യപകുതിയിൽ തന്നെ മുന്നിലെത്തി. ഫാകുണ്ടോ ക്വിനോൻ, ബെർണാഡ് കാമുങ്ങോ എന്നിവരാണ് എഫ്‌സി ഡള്ളാസിനായി ആദ്യപകുതിയിൽ ഗോളുകൾ നേടിയത്.

രണ്ടാം പകുതി ആവേശകരമായിരുന്നു. രണ്ടു സെൽഫ് ഗോളുകൾ ഉൾപ്പെടെ അഞ്ച് ഗോളുകളാണ് രണ്ടാം പകുതിയിൽ പിറന്നത്. അർജന്റീന താരം അലൻ വെലാസ്കോ മനോഹരമായ ഫ്രീ കിക്കിലൂടെ ഡള്ളാസിന്റെ ലീഡ് ഉയർത്തിയപ്പോൾ അതിനു പിന്നാലെ ഇന്റർ മിയാമിക്കായി ക്രെമാഷി ഗോൾ കണ്ടെത്തി. എന്നാൽ മൂന്നു മിനിറ്റിനകം ടെയ്‌ലറുടെ സെൽഫ് ഗോൾ പിറന്നതോടെ ഇന്റർ മിയാമി പരാജയത്തിന്റെ വക്കിലെത്തി.

എന്നാൽ തോൽക്കാൻ ലയണൽ മെസിയും ഇന്റർ മിയാമിയും ഒരുക്കമല്ലായിരുന്നു. എൺപതാം മിനുട്ടിൽ ലയണൽ മെസിയെടുത്ത ഫ്രീ കിക്ക് ഡള്ളാസ് താരം മാർകോ ഫർഫാന്റെ തലയിൽ തട്ടി വലയിലേക്ക് കയറിയതോടെ ഇന്റർ മിയാമിക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയായി. എൺപത്തിയഞ്ചാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് മെസി വലയിലെത്തിച്ചതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

ഈ റൗണ്ടിൽ എക്‌സ്ട്രാ ടൈം ഇല്ലെന്നിരിക്കെ മത്സരം നേരിട്ട് ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഒരിക്കൽക്കൂടി ലയണൽ മെസിയുടെ ടീമിനെ ഷൂട്ടൗട്ട് ഭാഗ്യം തുണച്ചപ്പോൾ ഇന്റർ മിയാമി വിജയം സ്വന്തമാക്കി. ഇന്റർ മിയാമി താരങ്ങൾ എടുത്ത കിക്കെല്ലാം ലക്‌ഷ്യം കണ്ടപ്പോൾ എഫ്‌സി ഡള്ളാസിന്റെ ഒരു താരമെടുത്ത കിക്ക് പുറത്തു പോയതാണ് മത്സരത്തിൽ വിജയം നേടാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനും ഇന്റർ മിയാമിയെ സഹായിച്ചത്.

Inter Miami Won Against FC Dallas In League Cup