മുപ്പത്തിയാറാം മിനുട്ടിൽ മെസിയെ പിൻവലിച്ചു, പകരക്കാരനായി ഇറങ്ങിയവന്റെ മിന്നും പ്രകടനത്തിൽ ഇന്റർ മിയാമിക്ക് വിജയം | Inter Miami

അമേരിക്കൻ ലീഗിൽ ഇന്റർ മിയാമിയും ടൊറന്റോ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമിക്ക് ഉജ്ജ്വല വിജയം. ലയണൽ മെസി വന്നതിനു ശേഷമുള്ള അപരാജിത കുതിപ്പ് മെസി ഇറങ്ങാതിരുന്ന കഴിഞ്ഞ മത്സരത്തോടെ അവസാനിച്ചെങ്കിലും അതിനു പിന്നാലെ നടന്ന മത്സരത്തിൽ നേടിയ വിജയം ഇന്റർ മിയാമിക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ടൊറന്റോ എഫ്‌സിക്കെതിരെ ലയണൽ മെസി കളിക്കാൻ ഇറങ്ങിയിരുന്നു എങ്കിലും ആദ്യപകുതിക്കു മുൻപ് തന്നെ പിൻവലിച്ചിരുന്നു.

മത്സരം മുപ്പത്തിയേഴു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ടീമിലേതുമായി നാല് താരങ്ങളാണ് പരിക്ക് കാരണം പിൻവലിക്കപ്പെട്ടത്. ആദ്യം ടൊറന്റോ എഫ്‌സിയുടെ ബ്രാൻഡോൺ സെർവാനിയ, ഫ്രാങ്കോ ഇബാറ എന്നിവരാണ് പിൻവലിക്കപ്പെട്ടത്. അതിനു ശേഷം മത്സരം അര മണിക്കൂറിലധികം പിന്നിട്ടപ്പോൾ മൂന്നു മിനുട്ടിന്റെ വ്യത്യാസത്തിൽ ജോർദി ആൽബയും ലയണൽ മെസിയും പിൻവലിക്കപ്പെട്ടു. ഇവർക്ക് പകരം നോവ അലൻ, റോബർട്ട് ടെയ്‌ലർ എന്നിവരാണ് ഇറങ്ങിയത്.

ഈ താരങ്ങൾ പിൻവലിക്കപ്പെട്ടെങ്കിലും ഇന്റർ മിയാമി മികച്ച പ്രകടനം നടത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അർജന്റീന യുവതാരമായ ഫാക്കുണ്ടോ ഫാരിയാസ് ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. അതിനു ശേഷം അൻപതിനാലാം മിനുട്ടിൽ റോബർട്ട് ടെയ്‌ലർ ഇന്റർ മിയാമിയുടെ ലീഡ് ഉയർത്തി. അടുത്ത ഗോൾ പിറക്കുന്നത് മറ്റൊരു അർജന്റീന താരമായ ക്രേമാഷിയുടെ കാലുകളിൽ നിന്നാണ്. ടെയ്‌ലർ ആയിരുന്നു അസിസ്റ്റ്. മത്സരം തീരുന്നതിനു മുൻപ് ഫാറിയാസിന്റെ അസിസ്റ്റിൽ റോബർട്ട് ടെയ്‌ലർ തന്റെ രണ്ടാമത്തെ ഗോളും നേടി.

അർജന്റീന താരങ്ങളും പകരക്കാരായി ഇറങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ഇന്റർ മിയാമിക്കായി നടത്തിയത്. അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസ് ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ക്രേമാഷി ഒരു ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ റോബർട്ട് ടെയ്‌ലർ രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ നോവ അലൻ ഒരു ഗോളിന് വഴിയൊരുക്കി. വിജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്റർ മിയാമി പതിമൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.

മെസി, ആൽബ തുടങ്ങിയ താരങ്ങളെ പിൻവലിച്ചതിന്റെ കാരണവും പരിക്കിന്റെ ഗുരുതരാവസ്ഥയും വ്യക്തമല്ല. ഇന്റർനാഷണൽ ബ്രേക്കിനിടയിൽ ഇക്വഡോറിനെതിരെ നടന്ന മത്സരത്തിനിടയിൽ പിൻവലിക്കപ്പെട്ട മെസി അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. യുഎസ് ഓപ്പൺ കപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങൾ വരുന്നതിനാൽ മെസിക്ക് കൂടുതൽ ശാരീരിക പ്രശ്‌നങ്ങൾ വരേണ്ടെന്ന് കരുതിയാണ് പിൻവലിച്ചതെന്നാണ് ആരാധകർ കരുതുന്നത്.

Inter Miami Won Against Toronto FC In MLS