ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടാൻ കരുത്തരായ ടീമേതാണ്, ബയേൺ താരം ഹാരി കേൻ പറയുന്നു | Harry Kane

ഇന്നലത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ആധികാരികമായി നേടിയ കിരീടത്തിനായി ഇത്തവണ നിരവധി ടീമുകൾ മത്സരിക്കുന്നുണ്ട്. അതിലുപരിയായി നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റാണിത്. അടുത്ത സീസൺ മുതൽ ഒരുപാട് മാറ്റങ്ങളുമായാണ് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടക്കാൻ പോകുന്നത്.

കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ അപ്രതീക്ഷിത കുതിപ്പ് നടത്തി ഫൈനൽ വരെയെത്തിയിരുന്നു. ബാഴ്‌സലോണ പോലെയുള്ള ടീമുകൾ ആദ്യ റൗണ്ടിൽ തന്നെ വീഴുകയും ചെയ്‌തു. യൂറോപ്പിലെ വമ്പൻ ടീമുകൾ തമ്മിൽ നടക്കുന്ന പോരാട്ടമായതിനാൽ അട്ടിമറിക്കുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടാണ് ചാമ്പ്യൻസ് ലീഗ് പോരാട്ടം വളരെ പ്രധാനമായതും അതിൽ വിജയം നേടുന്ന താരങ്ങളെ വ്യക്തിഗത അവാർഡുകൾക്കായി കൂടുതൽ പരിഗണിക്കുന്നതും.

കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് താരമായ ഹാരി കേൻ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുക്കുകയുണ്ടായി. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോസ്‌പറിൽ നിന്നും ജർമനിയിലേക്ക് ചേക്കേറിയ താരമാണ് ഹാരി കേൻ. ടോട്ടനത്തിനൊപ്പം ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ബയേണിലേക്ക് വന്നിരിക്കുന്നത് എങ്കിലും അവരെ ഏറ്റവുമധികം സാധ്യതയുള്ള ടീമായി കാണുന്നില്ല.

“എനിക്കുറപ്പില്ല, പക്ഷെ നിലവിലെ ചാമ്പ്യന്മാരായതിനാൽ മാഞ്ചസ്റ്റർ സിറ്റിയെ തീർച്ചയായും പരിഗണിക്കണം. അതിനു ശേഷം ടൂർണമെന്റിലെ വളരെ മികച്ച ചരിത്രം കൊണ്ട് റയൽ മാഡ്രിഡും അവിടെയുണ്ട്. ബയേൺ മ്യൂണിക്കും സാധ്യതയുള്ള ടീമാണ്. വളരെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ബുദ്ധിമുട്ടേറിയ ടൂർണമെന്റ് ആയതിനാൽ തന്നെ എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ല. അതിൽ ഏറ്റവും മികച്ചത് നൽകുകയെന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.” കേൻ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റുള്ളവരെക്കാൾ മുന്തൂക്കമുണ്ടെന്ന് കരുതുന്നില്ലെന്നും ഹാരി കേൻ പറഞ്ഞു. മികച്ച താരങ്ങളും അസാധാരണ കഴിവുള്ള പരിശീലകനുമുള്ള ടീമാണ് സിറ്റിയെന്നും അവരെക്കുറിച്ച് ചിന്തിക്കാതെ തങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയെ നേരിടേണ്ട സാഹചര്യം വന്നാൽ അതിനു തയ്യാറാണെന്നും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ നിൽക്കുന്ന കേൻ പറഞ്ഞു.

Harry Kane Reveals Champions League Favorites