ക്ലബുകളെ അതിശക്തരാക്കുന്ന ഐഎസ്എല്ലിലെ വിപ്ലവമാറ്റങ്ങൾ, ഇനി വമ്പൻ താരങ്ങൾ ലീഗിലേക്കെത്തും | ISL

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തിൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഒരുപാട് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നിരവധി മികച്ച താരങ്ങൾ ഇന്ത്യൻ ഫുട്ബോളിലേക്ക് വരാൻ അവസരമൊരുക്കിയ ഐഎസ്എൽ ഈ താരങ്ങൾക്കൊപ്പം കളിക്കുന്നതിലൂടെ ഇന്ത്യൻ താരങ്ങളുടെ നിലവാരം വളരാനും കാരണക്കാരായി. ഇന്ത്യൻ ഫുട്ബോൾ ടീമിലും ഈ മാറ്റങ്ങൾ കാണുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

അതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന ഒരു മാറ്റം വരാൻ വേണ്ടി പോവുകയാണെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 മുതൽ നിലവിലുള്ള നിയമം പ്രകാരം ഒരു ക്ലബിന് സാലറി ക്യാപ്പായി പരമാവധി വരാവുന്ന തുക 16.5 കോടി രൂപയായിരുന്നു. ഈ തുകയുടെ ഉള്ളിൽ നിൽക്കുന്ന താരങ്ങളെ മാത്രമേ സ്വന്തമാക്കാൻ കഴിയൂ എന്നിരിക്കെ പല വമ്പൻ കളിക്കാരും ഐഎസ്എല്ലിൽ വരാൻ അത് തടസമായി.

എന്നാൽ ഇക്കാര്യത്തിൽ വലിയൊരു മാറ്റം വന്നിട്ടുണ്ടെന്നും ഇനി മുതൽ ഈ സാലറി ക്യാപ്പിന്റെ പുറത്തേക്കും താരങ്ങളെ സ്വന്തമാക്കാൻ കഴിയുമെന്നാണ് മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നത്. താരങ്ങളെ സ്വന്തമാക്കുന്ന സമയത്ത് സൈനിങ്‌ ഓൺ ഫീ എന്ന പേരിൽ ഒരു തുക ക്ലബുകൾ നൽകാറുണ്ട്. ഈ തുക താരങ്ങൾക്ക് ലഭിക്കുന്നതാണ്. ഫ്രീ ഏജന്റായ താരങ്ങളെ സ്വന്തമാക്കുമ്പോൾ ഈ തുക വലുതായിരിക്കും. ഇത്തരത്തിൽ നൽകുന്ന സൈനിങ്‌ ഓൺ ഫീ സാലറി ക്യാപ്പിന്റെ പരിധിയിൽ ഇനി വരില്ല.

ഇതിലൂടെ കൂടുതൽ തുക ട്രാൻസ്‌ഫർ മാർക്കറ്റിൽ ചിലവഴിക്കാൻ ക്ലബുകൾക്ക് കഴിയും. ഇത് ശരിക്കും ഉപകാരപ്പെടുക ഫ്രീ ഏജന്റായി നിൽക്കുന്ന മികച്ച താരങ്ങളെ സ്വന്തമാക്കുമ്പോഴാണ്. അവർക്ക് ട്രാൻസ്‌ഫർ ഫീസ് ഇല്ലെന്നിരിക്കെ സൈനിങ്‌ ഓൺ ഫീ ആയി നല്ലൊരു തുക ക്ലബുകൾ നൽകാറുണ്ട്. ഈ തുക സാലറി ക്യാപ്പിന്റെ പരിധിയിൽ വരില്ലെന്നിരിക്കെ അത്രയും തുക മറ്റൊരു താരത്തിന്റെ സൈനിങ്ങിനായി ക്ലബുകൾക്ക് ഉപയോഗപ്പെടുത്താം.

വമ്പൻ പണമൊഴുക്കാൻ കഴിയുന്ന ക്ളബുകൾക്കാണ് ഇത് പ്രധാനമായും ഗുണം ചെയ്യുകയെന്ന കാര്യത്തിൽ സംശയമില്ല. വലിയ തുക വീശിയറിയാൻ കഴിയുന്ന മുംബൈ സിറ്റി, എടികെ മോഹൻ ബഗാൻ പോലെയുള്ള ക്ളബുകൾക്കും ലീഗിലെ രണ്ടാമത്തെ മൂല്യം കൂടിയ ക്ലബും മികച്ച ആരാധകപിന്തുണയുള്ള ക്ലബുമായ ബ്ലാസ്റ്റേഴ്‌സിനും ഇതിൽ നേട്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ സാമ്പത്തികസ്ഥിതിയിൽ പുറകിൽ നിൽക്കുന്ന ക്ലബുകൾ ലീഗിലും പുറകോട്ടു പോകാൻ ഇത് കാരണമായേക്കും.

ISL Clubs Can Sign Players Beyond Salary Cap