ഡിസംബർ മുതൽ പുറത്തിരുന്നിട്ടും അഡ്രിയാൻ ലൂണ മുന്നിൽ തന്നെ, യുറുഗ്വായ് താരത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്തത് | ISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ തീ കോരിയിട്ടാണ് കഴിഞ്ഞ ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് പരിക്കേറ്റ താരം ഉടനെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനായ ലൂണ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന പ്രഖ്യാപനം വരികയുണ്ടായി.

അഡ്രിയാൻ ലൂണ പുറത്തായതിന് ശേഷം നടന്ന മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെങ്കിലും സൂപ്പർ കപ്പ് മുതലിങ്ങോട്ട് ടീമിന്റെ പതനം ആരംഭിച്ചു. സൂപ്പർ കപ്പിലെ അവസാനത്തെ രണ്ടു മത്സരങ്ങളിലും അതിനു ശേഷം നടന്ന ഐഎസ്എല്ലിലെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ലൂണയുടെ സാന്നിധ്യം ടീമിന് എത്ര നിർണായകമാണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.

ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് എത്ര പ്രധാനപ്പെട്ട താരമാണെന്ന് ഇത്തവണത്തെ ഐഎസ്എല്ലിൽ ഏറ്റവുമധികം ചാൻസുകൾ സൃഷ്ടിച്ചെടുത്ത താരങ്ങളുടെ കണക്കുകൾ പുറത്തു വിട്ടതിൽ നിന്നും വ്യക്തമാണ്. ഡിസംബർ മുതൽ പരിക്കേറ്റു പുറത്തിരിക്കുകയാണെങ്കിലും ഇപ്പോഴും ആ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ലൂണയുണ്ട്. പരിക്കിന്റെ പിടിയിൽ അല്ലായിരുന്നെങ്കിൽ ലൂണ തന്നെയാകുമായിരുന്നു ഒന്നാം സ്ഥാനത്ത്.

പതിനഞ്ചു മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ച് അവസരങ്ങൾ സൃഷ്‌ടിച്ച മെദിഹ് തലാലാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതിനു പിന്നിൽ ഒൻപത് മത്സരങ്ങളിൽ നിന്നും ഇരുപത്തിയാറ് അവസരങ്ങൾ സൃഷ്‌ടിച്ച ലൂണ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. പത്ത് മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ച് അവസരങ്ങൾ സൃഷ്‌ടിച്ച ബ്രണ്ടൻ ഫെർണാണ്ടസാണ് മൂന്നാം സ്ഥാനത്ത്. പത്ത് പേരുടെ ലിസ്റ്റിലുള്ള ഒരേയൊരു ഇന്ത്യൻ താരവും ബ്രെണ്ടനാണ്.

അഡ്രിയാൻ ലൂണയെന്ന താരം ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിന് എത്രത്തോളം പ്രധാനിയാണെന്ന് മനസിലാക്കാൻ ഈ കണക്കുകൾ മാത്രം മതി. പരിക്കേറ്റു പുറത്തിരിക്കുന്ന താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ തന്നെ ഉണ്ടാകണെമെങ്കിൽ നിലവിലെ കരാർ പുതുക്കേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ ആരംഭിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു.

fpm_start( "true" ); /* ]]> */

ISL Players With Most Chances Created