സമനിലയിയിൽ പിരിഞ്ഞെങ്കിലും കൊമ്പൻമാരുടെ തലയെടുപ്പിനു കുറവില്ല, ഇത്തവണയും ആധിപത്യം പുലർത്തി കേരള ബ്ലാസ്റ്റേഴ്‌സ് | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ നൽകുന്നതായിരുന്നു. സ്വന്തം മൈതാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് നിരവധി പ്രധാന താരങ്ങളില്ലാതെ മത്സരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തിയ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തിൽ വിജയം നേടാൻ ടീമിന് കഴിഞ്ഞില്ല.

മത്സരത്തിന്റെ ആദ്യപകുതിയിൽ റഫറി ഒരു പെനാൽറ്റി നിഷേധിക്കുകയും രണ്ടു ഷോട്ടുകൾ പോസ്റ്റിലടിച്ചു പോവുകയും ചെയ്‌തപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് സമനില ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ നാൽപത്തിയൊമ്പതാം മിനുട്ടിൽ അഡ്രിയാൻ ലൂണ എടുത്ത ഫ്രീ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെ ഡാനിഷ് ഫാറൂഖാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ നേടിയത്. അതിനു ശേഷം ഒന്ന്‌ നിറം മങ്ങിയത് വിജയം നേടാനുള്ള ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കി.

കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഐഎസ്എല്ലിലെ ടീം ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇത്തവണ രണ്ടു താരങ്ങളാണ് ടീം ഓഫ് ദി വീക്കിൽ ഇടം പിടിച്ചിരിക്കുന്നത്. മത്സരത്തിൽ ഗോൾ നേടിയ ഡാനിഷ് ഫാറൂഖും ഗോളിന് വഴിയൊരുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌ത അഡ്രിയാൻ ലൂണയുമാണ് ടീമിലുള്ളത്. ടീം ഓഫ് ദി വീക്കിൽ ഏറ്റവുമധികം കളിക്കാരുള്ള ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

പഞ്ചാബ് എഫ്‌സിയുടെ രവികുമാർ ഗോൾകീപ്പറായ ഇലവനിൽ ഹൈദരാബാദ് എഫ്‌സിയുടെ നിഖിൽ പൂജാരി, എഫ്‌സി ഗോവയുടെ സന്ദേശ് ജിങ്കൻ, നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മിഗ്വൽ സബാക്കോ എന്നിവരാണു പ്രതിരോധത്തിലുള്ളത്. മധ്യനിരയിൽ ഡാനിഷ് ഫാറൂഖ്, പഞ്ചാബ് എഫ്‌സിയുടെ അമർജിത് കിയാം, ജംഷഡ്‌പൂരിന്റെ റെയ് ടാച്ചികാവ എന്നിവർ ഇടം പിടിച്ചിരിക്കുന്നു. ഗോവയുടെ വിക്റ്റർ റോഡ്രിഗസും ചെന്നൈയിൻ എഫ്‌സിയുടെ കൊണാർ ഷീൽഡ്‌സും നോർത്ത്ഈസ്റ്റിന്റെ നെസ്റ്ററും അഡ്രിയാൻ ലൂനക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.

എഎഫ്‌സി മത്സരങ്ങൾ ഉള്ളതിനാൽ ചില ക്ലബുകൾ നാലാം റൌണ്ട് മാച്ചുകൾ കളിച്ചിട്ടില്ല. അതിനാൽ ചില വമ്പൻ ക്ലബുകളിൽ നിന്നുള്ള താരങ്ങൾ ടീം ഓഫ് ദി വീക്കിൽ ഇടം പിടിക്കാതെ പോയിട്ടുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ഒഡിഷ എഫ്‌സിയെയാണ് നേരിടുന്നത്. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം നേടാമെന്ന പ്രതീക്ഷ ടീമിനുണ്ട്. അടുത്ത മത്സരം വിജയിച്ചാൽ പോയിന്റ് ടേബിളിൽ മുന്നേറ്റമുണ്ടാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

ISL Team Of The Week After Matchweek 4