ബാഴ്‌സലോണയിലെ ‘മെസി നിയമം’ ഇന്റർ മിയാമിയിലുമുണ്ട്, വെളിപ്പെടുത്തലുമായി സഹതാരം | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി. പതിനേഴാം വയസിൽ പ്രൊഫെഷണൽ ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയത് മുതൽ ഇന്നുവരെ ഏറ്റവും മികച്ച ഫോമിലാണ് അർജന്റീന താരം കളിക്കുന്നത്. ഇനി കരിയറിൽ സ്വന്തമാക്കാൻ യാതൊരു നേട്ടവും താരത്തിന് ബാക്കിയില്ല. ഫുട്ബോളിൽ പൂർണതയിൽ എത്തിയെന്നതിനാൽ തന്നെ അതിന്റെ അനായാസതയോടെ കളിക്കുന്ന താരം ഇപ്പോഴും തന്റെ മാന്ത്രികനീക്കങ്ങൾ കളിക്കളത്തിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.

രണ്ടു പതിറ്റാണ്ടോളം ഫുട്ബോൾ കരിയർ ഏറ്റവും മികച്ച രീതിയിൽ കൊണ്ടുപോകാൻ ലയണൽ മെസിയെ സഹായിച്ചത് ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ശ്രദ്ധ കൂടിയാണ്. ഇതുവരെ വലിയ രീതിയിലുള്ള പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും മെസിയെ ബാധിച്ചിട്ടില്ല. കളിക്കളത്തിൽ കൂടുതൽ ഓടുന്നതിനു പകരം നടന്നു കൊണ്ടുള്ള നീക്കങ്ങൾ നടത്തുന്നതും കൂടുതൽ തീവ്രമായി കളിക്കാത്തതും ഇതിന്റെ ഭാഗമാണ്. അതേസമയം മെസി കളിക്കുന്ന ക്ലബുകളും ഇക്കാര്യത്തിൽ താരത്തെ സഹായിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് ഒരു നിയമം തന്നെ മെസിക്ക് അനുകൂലമായി ക്ലബിൽ ഉണ്ടായിരുന്നു. പരിശീലനത്തിനിടെ മെസിക്കെതിരെ ഫൗളുകൾ ചെയ്യുന്നതിന് സഹതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. മെസിക്ക് പരിക്കുകൾ പറ്റാതിരിക്കാനാണ് ഈ നിയമം ബാഴ്‌സലോണ ഉണ്ടാക്കിയത്. ഇപ്പോൾ താരം കളിക്കുന്ന ഇന്റർ മിയാമിയിലും ഇതേ നിയമം നിലനിൽക്കുന്നുണ്ടെന്നാണ് ഇന്റർ മിയാമി സഹതാരം എഡിസൺ ആക്സോണ പറയുന്നത്.

“ലയണൽ മെസിക്ക് യാതൊരു കുഴപ്പവും സംഭവിക്കരുത് എന്ന കാര്യത്തിൽ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ആരെങ്കിലും താരത്തെ തടുക്കാൻ ശ്രമിക്കുകയാണെങ്കിൽ വളരെയധികം ശ്രദ്ധയോടെയാണ് അതു ചെയ്യാറുള്ളത്. ഞങ്ങൾ തമ്മിൽ കളിക്കുന്ന മത്സരങ്ങളിൽ താരത്തെ തടുക്കാനും നല്ല രീതിയിൽ പ്രതിരോധിച്ചു നിർത്താനും ശ്രമിക്കാറുണ്ട്. എന്നാൽ അത് ജാഗൃതയോടെ ആയിരിക്കും, ആരും താരത്തോട് കടുപ്പത്തിലൊന്നും ചെയ്യാറില്ല.” ആക്സോണ പറഞ്ഞു.

അമേരിക്കൻ ലീഗ് ആരംഭിക്കുക ഫെബ്രുവരിയിലാണ് എന്നതിനാൽ സീസണിന്റെ പകുതി ആയപ്പോഴാണ് മെസി ക്ലബ്ബിലേക്ക് വന്നത്. അമേരിക്കയിൽ എത്തിയതിനു ശേഷം ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം ഇന്റർ മിയാമിക്ക് സ്വന്തമാക്കി നൽകാൻ മെസിക്ക് കഴിഞ്ഞിരുന്നു. അതേസമയം ഇന്റർ മിയാമിക്കൊപ്പവും പരിക്കേറ്റു കുറച്ചു കാലം പുറത്തിരുന്നതിനാൽ അതിൽ കൂടുതൽ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞില്ല.

Inter Miami Copy Messi Rule Of Barcelona