ഇടംകാലു കൊണ്ടൊരു റോക്കറ്റും തകർപ്പൻ വോളിയും, റൊണാൾഡോ ഏഷ്യൻ ഫുട്ബോളിൽ ആറാടുകയാണ് | Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റൊണാൾഡോയുടെ മിന്നുന്ന പ്രകടനത്തിൽ വിജയം സ്വന്തമാക്കി സൽ നസ്ർ. ഖത്തരി ക്ലബായ അൽ ദുഹൈലിനെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്തേക്ക് അൽ നസ്ർ മുന്നേറി. ഗ്രൂപ്പിൽ നടന്ന മൂന്നു മത്സരങ്ങളിൽ മൂന്നിലും ടീം വിജയം സ്വന്തമാക്കിയിട്ടുണ്ട്.

ഇരുപത്തിയഞ്ചാം മിനുട്ടിൽ ബ്രസീലിയൻ താരമായ ടാലിസ്‌ക നേടിയ ഗോളിലാണ് അൽ നസ്ർ മത്സരത്തിൽ മുന്നിലെത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആ ഗോളിന് വഴിയൊരുക്കിയത്. തനിക്ക് നേരെ വന്ന പാസ് ഒരു നോൺ ലുക്ക്, ബാക്ക്ഹീൽ അസിസ്റ്റിലൂടെ റൊണാൾഡോ ടാലിസ്‌കക്ക് കൈമാറുകയായിരുന്നു. ബോക്‌സിന് പുറത്ത് പ്രതിരോധതാരങ്ങളുടെ സമ്മർദ്ദമില്ലാതെ പന്ത് ലഭിച്ച താരം അത് മികച്ചൊരു ഷോട്ടിലൂടെ വലയിലേക്ക് എത്തിക്കുകയും ചെയ്‌തു.

മത്സരത്തിലെ ബാക്കി ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് വരുന്നത്. സാദിയോ മാനെ ടീമിന്റെ ലീഡ് ഉയർത്തിയതിനു ശേഷം അറുപത്തിയൊന്നാം മിനുട്ടിലാണ് റൊണാൾഡോ ഗോൾ കണ്ടെത്തുന്നത്. അവിശ്വസനീയം എന്നല്ലാതെ ആ ഗോളിനെ വിശേഷിപ്പിക്കാൻ കഴിയില്ല. പന്തുമായി മുന്നേറിയ താരം ബോക്‌സിന്റെ പുറത്തു നിന്നും എടുത്ത ഷോട്ട് പോസ്റ്റിന്റെ മൂലയിലൂടെ വലക്കുള്ളിലെത്തി. തന്റെ വീക്ക്‌ഫുട്ട് കൊണ്ടാണ് റൊണാൾഡോ മിന്നൽ ഗോൾ നേടിയത്.

അതിനു ശേഷം അൽ ദുഹൈൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. രണ്ടു ഗോളുകളാണ് നാല് മിനുറ്റിനിടെ അവർ സ്വന്തമാക്കിയത്. എന്നാൽ എണ്പത്തിയൊന്നാം മിനുട്ടിൽ റൊണാൾഡോ വീണ്ടും അവതരിച്ചു. സുൽത്താൻ അൽ ഖന്നത്തിന്റെ പാസ് ഒരു വോളിയിലൂടെ മനോഹരമായി വലയിലെത്തിച്ചാണ് റൊണാൾഡോ ടീമിന്റെ ലീഡ് ഉയർത്തിയത്. അതിനു ശേഷം ഒരു ഗോൾ കൂടി അൽ ദുഹൈൽ നേടിയെങ്കിലും തോൽവി ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞില്ല.

മത്സരത്തിൽ വിജയം നേടിയത് അൽ നസ്ർ ആയിരുന്നെങ്കിലും ആക്രമണങ്ങൾ കൂടുതൽ സംഘടിപ്പിച്ചത് കുട്ടീന്യോ അടക്കമുള്ള താരങ്ങൾ അണിനിരന്ന അൽ ദുഹൈൽ ആയിരുന്നു. എന്നാൽ റൊണാൾഡോയുടെ മാന്ത്രികക്കാലുകൾ വീണ്ടുമൊരിക്കൽ കൂടി അൽ നാസറിന്റെ രക്ഷക്കായി എത്തി. സൗദി പ്രൊ ലീഗിൽ ടോപ് സ്കോററായ റൊണാൾഡോ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.

Cristiano Ronaldo Brace Against Al Duhail