എന്തൊരു മനുഷ്യനാണ് നിങ്ങൾ, റൊണാൾഡോയുടെ ഗോൾ കണ്ടു തലയിൽ കൈവെച്ച് സഹതാരം | Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ അതിനു ശേഷം പറഞ്ഞത് യൂറോപ്യൻ ഫുട്ബോളിൽ തനിക്ക് സ്വന്തമാക്കാൻ നേട്ടമൊന്നും ബാക്കിയില്ലെന്നും, ഇനി ഏഷ്യൻ ഫുട്ബോളിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കണമെന്നുമാണ്. ഏഷ്യൻ ഫുട്ബോളിൽ താൻ ചരിത്രം കുറിക്കുമെന്ന് ഉറപ്പിച്ചാണ് റൊണാൾഡോ കളിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമാണ്. അൽ നസ്റിൽ എത്തിയതിനു ശേഷം പുതിയൊരു റൊണാൾഡോയെയാണ് ഓരോ മത്സരങ്ങളിലും കാണുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള അവസാനകാലം റൊണാൾഡോയെ സംബന്ധിച്ച് അത്ര സുഖകരമായ ഒന്നായിരുന്നില്ല. പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ താരത്തിന്റെ പ്രകടനത്തെ വളരെയധികം ബാധിച്ചിരുന്നു. അത് ലോകകപ്പിൽ പോർചുഗലിനൊപ്പവും പ്രതിഫലിച്ചപ്പോൾ താരം തീർത്തും നിരാശപ്പെടുത്തി. എന്നാൽ അതിനു ശേഷം അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ ആ നിരാശയെല്ലാം മാറ്റി വെച്ച് ഉയർത്തെഴുന്നേൽക്കുന്നതാണ് കാണാൻ കഴിയുന്നത്.

ഇന്നലെ കുട്ടീന്യോ അടക്കമുള്ള താരങ്ങൾ അണിനിരന്ന ഖത്തറി ക്ലബ് അൽ ദുഹൈലിനെതിരെ മിന്നുന്ന പ്രകടനമാണ് റൊണാൾഡോ നടത്തിയത്. മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ നസ്ർ വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റും റൊണാൾഡോയുടെ വകയായിരുന്നു. തന്നിലെ ഗോൾ മെഷീനെയും പ്ലേ മേക്കറെയും ഒരുപോലെ കാണിച്ചു തരുന്നതായിരുന്നു ഇന്നലെ റൊണാൾഡോ നടത്തിയ പ്രകടനം. സൗദിയിലെത്തിയപ്പോൾ താരം എത്രത്തോളം ആത്മവിശ്വാസം നേടിയിട്ടുണ്ടെന്നത് ഇതിൽ നിന്നും വ്യക്തമാണ്.

ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോ നേടിയ രണ്ടു ഗോളുകളും ഒരു അസിസ്റ്റും അതിമനോഹരമായിരുന്നു. ടാലിസ്‌കക്ക് ഒരു നോൺ ലുക്കിങ് ബാക്ക്ഹീൽ അസിസ്റ്റ് ആദ്യപകുതിയിൽ നൽകിയ റൊണാൾഡോ രണ്ടാം പകുതിയിലാണ് തന്റെ ആദ്യഗോൾ നേടുന്നത്. ബോക്‌സിന്റെ പുറത്തു നിന്നും തന്റെ വീക്ക് ഫൂട്ടായ ഇടതുകാൽ കൊണ്ട് റൊണാൾഡോ നേടിയ ഗോൾ കണ്ട് അൽ നസ്ർ സഹതാരം തലയിൽ കൈവെച്ചു പോയി എന്നതാണ് സത്യം. അതിനു ശേഷം വോളിയിലൂടെ മറ്റൊരു ഗോളും താരം നേടി.

യൂറോപ്പിൽ ഉണ്ടായിരുന്നപ്പോൾ ചാമ്പ്യൻസ് ലീഗിലെ കിംഗ് ആയിരുന്നു റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ പല റെക്കോർഡുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻസ് ലീഗും അടക്കി ഭരിക്കുകയാണ് പോർച്ചുഗൽ നായകൻ. റൊണാൾഡോയുടെ ഈ പ്രകടനത്തിന്റെ കാരണം അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷമുണ്ടായ ആത്മവിശ്വാസം തന്നെയാണ്. ഇത് പോർച്ചുഗൽ ടീമിലും മികച്ച പ്രകടനം നടത്താൻ താരത്തെ സഹായിക്കുന്നുണ്ട്.

Teammate Supriced By Ronaldo Goal Against Al Duhail