“കേറി വാടാ മക്കളെ”- തന്റെ തിരിച്ചുവരവിനു സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ആരാധകരെ ക്ഷണിച്ച് ഇവാനാശാൻ | Vukomanovic

സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയങ്കരനാണ്. ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് മൂന്നാമത്തെ സീസണായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കൽ അദ്ദേഹത്തിന് കീഴിൽ ടീം ഫൈനൽ കളിച്ച് ദൗർഭാഗ്യം കൊണ്ട് പരാജയപ്പെട്ടിരുന്നു. ടീമിനും ആരാധകർക്കും പിന്നിൽ ശക്തമായി നിലകൊള്ളുന്നത് തന്നെയാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാക്കി മാറ്റുന്നത്.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് റഫറിമാരുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ആരാധകരുടെ ഹീറോയാകാൻ ഇവാന് കഴിഞ്ഞിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിൽ കളിക്കളം വിട്ടത് ഇന്ത്യൻ ഫുട്ബോളിൽ വലിയ ചലനം ഉണ്ടാക്കിയെങ്കിലും അതിനു ഇവാനും ബ്ലാസ്റ്റേഴ്‌സും നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഇവാനെ പത്ത് മത്സരങ്ങളിൽ വിലക്കിയ എഐഎഫ്എഫ് കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും നൽകുകയുണ്ടായി.

വിലക്ക് അവസാനിച്ചതിന് ശേഷം ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് തിരിച്ചെത്തുന്നത് അടുത്ത മത്സരത്തിലാണ്. കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പിലെ മൂന്നു മത്‌സരം, ഈ സീസണിന് മുന്നോടിയായി നടന്ന ഡ്യൂറൻഡ് കപ്പിലെ മൂന്നു മത്സരം, ഐഎസ്എല്ലിലെ നാല് മത്സരം എന്നിവ നഷ്‌ടമായ ഇവാൻ വുകോമനോവിച്ച് ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിലാണ് തിരിച്ചെത്തുന്നത്. ഇവാന്റെ അഭാവത്തിൽ ടീമിനെ നയിച്ച സഹപരിശീലകൻ ഫ്രാങ്ക് ദോവൻ വിലക്ക് കാരണം ആ മത്സരത്തിനുണ്ടാകില്ല.

താൻ തിരിച്ചെത്തുന്ന മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടയിലാണ് നടക്കുന്നത് എന്നതിനാൽ അത് ഏറ്റവും മികച്ചതാക്കാൻ ഇവാനും ആഗ്രഹമുണ്ട്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ആരാധകരെ മുഴുവൻ ആശാൻ കൊച്ചിയിലേക്ക് ക്ഷണിക്കുകയാണ്. നമ്മൾ കണ്ടിട്ട് കുറച്ചു കാലമായെന്നും വെള്ളിയാഴ്‌ച അതിനായി എല്ലാവരും എത്തണമെന്നും പറയുന്ന ഇവാൻ ഏറ്റവുമൊടുവിൽ ‘കേറി വാടാ മക്കളേ” എന്ന് പറഞ്ഞാണ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

ഈ സീസണിൽ നാല് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിലും അവർ വിജയം സ്വന്തമാക്കി. അതിനു ശേഷം മുംബൈ സിറ്റിക്കെതിരെ തോൽവിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനിലയും വഴങ്ങിയ ടീം ഈ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഒരുപാട് താരങ്ങൾ പരിക്ക് കാരണം പുറത്തിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ ആശാന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.

Ivan Vukomanovic Invite Kerala Blasters Fans For Next Match